ലോകായുക്ത നിയമഭേദഗതി ബില്‍ ഇരുസഭകളും പാസാക്കി; ഇനി വേണ്ടത് ഗവര്‍ണറുടെ അംഗീകാരം
Monday, August 3, 2015 7:49 AM IST
ബംഗളൂരു: കര്‍ണാടക ലോകായുക്തയ്ക്കു മൂക്കുകയര്‍ വീഴുന്നു. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്‍ ഇരുസഭകളും പാസാക്കി. നിയമസഭ അംഗീകരിച്ച ബില്‍ ശബ്ദവോട്ടോടെ നിയമനിര്‍മാണ കൌണ്‍സിലും പാസാക്കി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

നിയമസഭയിലും നിയമനിര്‍മാണ കൌണ്‍സിലിലും അഞ്ചു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി അംഗീകരിച്ചാണ് ബില്‍ പാസാക്കിയത്.

ഇനി ഗവര്‍ണറുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഭേദഗതി നിലവില്‍ വരും. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയെയും ഉപലോകായുക്തയെയും നീക്കുന്നതു സംബന്ധിച്ച നടപടികളില്‍ ഇരുസഭകളുടെയും പങ്ക് നിര്‍ണായകമാകും.

ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ലോകായുക്ത ജസ്റ്റീസ് ഭാസ്കര്‍ റാവുവിനെ പുറത്താക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സുഗമമാകും. ലോകായുക്തയെ നീക്കുന്നതിനായി അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സെപ്റ്റംബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും സാധ്യതയുണ്ട്.

1984 ലെ ലോകായുക്ത നിയമത്തിലെ സുപ്രധാനമായ ആറാമത്തെ വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്ത നിയമനം, പുറത്താക്കല്‍, അധികാരം എന്നിവയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

ഈ ഭേദഗതി പ്രകാരം നിയമസഭാ സ്പീക്കറുടെയും കൌണ്‍സില്‍ ചെയര്‍മാന്റെയും ശിപാര്‍ശയോടെ ഗവര്‍ണര്‍ക്ക് ലോകായുക്തയെ നീക്കം ചെയ്യാന്‍ കഴിയും.

ലോകായുക്തയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അംഗബലം മൂന്നില്‍ രണ്ട് എന്നത് മൂന്നിലൊന്ന് എന്നാക്കി.

മൂന്നിലൊന്ന് അംഗങ്ങളുടെ ഒപ്പു ലഭിച്ച ശേഷം ഇരുസഭകളുടെയും ആവശ്യപ്രകാരം ഹൈക്കോടതി ചീഫ് ജസ്റീസ് അധ്യക്ഷനായുള്ള ജഡ്ജിമാരുടെ സമിതി ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് ലോകായുക്തയ്ക്കെതിരായാല്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ തടസമുണ്ടാകില്ല. തുടര്‍ന്ന് മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ നിയമസഭയും നിയമനിര്‍മാണ കൌണ്‍സിലും പ്രമേയം അംഗീകരിച്ചാല്‍ ലോകായുക്തയെ നീക്കാനുള്ള അപേക്ഷ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കാം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് ലോകായുക്തയെ നീക്കിക്കൊണ്ടുള്ള ഉത്തരവിറക്കാന്‍ കഴിയും. 1984 ലെ നിയമം അനുസരിച്ച് ലോകായുക്തയെ നീക്കം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് നിയമത്തില്‍ സമഗ്ര ഭേദഗതി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടത്. ലോകായുക്ത ഓഫീസിനെതിരേ അടുത്ത കാലത്തുണ്ടായ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകായുക്തയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് മകന്‍ അശ്വിന്‍ റാവുവിനെ ചോദ്യംചെയ്ത സാഹചര്യത്തില്‍ ലോകായുക്ത ജസ്റ്റീസ് ഭാസ്കര്‍ റാവു രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് പുതിയ നിയമഭേദഗതി.

അതേസമയം, ബില്‍ നിയമമായാല്‍ ലോകായുക്തയുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ച കുറയും എന്നതിനാല്‍ ഇതിനെതിരേ സന്നദ്ധ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.