പെട്രോള്‍ പമ്പുകള്‍ പണിമുടക്കി
Thursday, April 16, 2015 6:30 AM IST
ബംഗളൂരു: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 12 മണിക്കൂര്‍ പണിമുടക്കി. ഇന്നലെ വൈകുന്നേരം ആറുമുതല്‍ ഇന്നു രാവിലെ ആറു വരെയായിരുന്നു പണിമുടക്ക്. ഡീലര്‍മാരുടെ കമ്മീഷന്‍ പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അഖില കര്‍ണാടക ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പണിമുടക്ക് നടത്തിയത്. ശനിയാഴ്ച എണ്ണക്കമ്പനികളില്‍ നിന്നും പമ്പുകള്‍ ഇന്ധനം വാങ്ങില്ലെന്നു ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനാല്‍ ഇന്നലെ പകല്‍ മുതല്‍ തന്നെ സ്റോക്ക് ഇല്ലാതെ പല പമ്പുകളും അടച്ചു.

ആറു വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഡീലര്‍മാരുടെ കമ്മീഷന്‍ ആറു മാസം കൂടുമ്പോള്‍ പരിഷ്കരിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ ഇത് എണ്ണക്കമ്പനികള്‍ പാലിക്കുന്നില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ബി.ആര്‍. രവീന്ദ്രനാഥ് ആരോപിച്ചു.