പ്രഗതി സ്കൂള്‍ വെടിവയ്പ്: പ്രതി മഹേഷിന്റെ കസ്റഡി നീട്ടി
Thursday, April 16, 2015 6:28 AM IST
ബംഗളൂരു: കഡുഗോഡി പ്രഗതി പിയു കോളജിലെ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മഹേഷിന്റെ പോലീസ് കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടി. സെക്കന്‍ഡ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോളജിലെ ഹോസ്റ്റല്‍ അറ്റന്‍ഡന്റായ മഹേഷിനെ നേരത്തെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പോലീസ് മഹേഷിനെ കോടതിയില്‍ ഹാജരാക്കി കാലാവധി നീട്ടി വാങ്ങിയത്. കേസില്‍ മഹേഷ് പരസ്പര വിരുദ്ധമായ മൊഴി നല്കുന്നുവെന്നും പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പോലീസ് കോടതിയില്‍ അറിയിച്ചത്. ചില പ്രധാന വിവരങ്ങള്‍ കണ്െടത്തുന്നതിനായി മഹേഷിനെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച ജസ്റീസ് ചന്ദ്രശേഖര്‍ പ്രതിയുടെ കസ്റഡി നീട്ടിനല്കുകയായിരുന്നു.

മഹേഷിനെ കഴിഞ്ഞ വ്യാഴാഴ്ച പോളിഗ്രാഫ് ടെസ്റിനു വിധേയനാക്കിയിരുന്നു. വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് എവിടെനിന്നു ലഭിച്ചെന്നും കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യം എന്തെന്നും കണ്െടത്താനാണ് ടെസ്റ് നടത്തിയത്. ടെസ്റിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നു പോലീസ് അറിയിച്ചു.

മാര്‍ച്ച് 31നാണു കേസിനാസ്പദമായ സംഭവം നടന്നത്. തുമകുരു സ്വദേശിനിയായ ഗൌതമി(18)യാണു വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ സുഹൃത്തായ സിരിഷയ്ക്കു പരിക്കേറ്റു. കോളജ് ഹോസ്റ്റലിലെ മൂന്നാം നിലയിലാണു ഗൌതമിയും സുഹൃത്തും താമസിച്ചിരുന്നത്. രാത്രി പത്തിനു വാതിലില്‍ മുട്ടു കേട്ട് ഗൌതമി കതകു തുറന്നപ്പോള്‍ മുറിയില്‍ കടന്ന മഹേഷ് കുട്ടിയുടെ തലയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. തടയാനെത്തിയ സിരിഷയ്ക്കു മുഖത്തും കഴുത്തിനും വെടിയേറ്റു. ഗൌതമി തത്ക്ഷണം മരിച്ചു. തുമകുരു ജില്ലയിലെ പാവഗഡ സ്വദേശിയായ മഹേഷ് രണ്ടു വര്‍ഷമായി ഹോസ്റ്റല്‍ അറ്റന്‍ഡന്റായി ജോലി ചെയ്യുകയാണ്.

ആക്രമണത്തില്‍ പരിക്കേറ്റ് 11 ദിവസമായി മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സിരിഷ ഇന്നലെ ആശുപത്രി വിട്ടു. 15 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തുമെന്നും സിരിഷയെ പ്ളാസ്റിക് സര്‍ജറിക്കു വിധേയയാക്കാന്‍ തീരുമാനിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.