കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ണാടക ഫെബ്രുവരി വരെ സമയം തേടി
Tuesday, December 16, 2014 6:04 AM IST
ബംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു മറുപടി നല്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഫെബ്രുവരി വരെ സമയം തേടി. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന 11 ജില്ലകളില്‍ ശിവമോഗയില്‍ മാത്രമേ പരിസ്ഥിതി ദുര്‍ബല മേഖല നിര്‍ണയിക്കുന്ന സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ നേതൃത്വം കര്‍ണാടക ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.എന്‍.എം. സാഹയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിക്ക് കൈമാറി.

കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

പശ്ചിമഘട്ട മേഖലയില്‍പ്പെടുന്ന ശിവമോഗ, ഉത്തരകന്നഡ, ചിക്കമംഗളൂരു, കുടക്, ഹാസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍വേ നടത്തുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ശിവമോഗയിലെ 464 ഗ്രാമങ്ങളില്‍ 42 എണ്ണം മാത്രമേ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 31 നാണ് റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായങ്ങള്‍ നല്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.

പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന ഗോവ, മഹാരാഷ്്ട്ര, തമിഴ്നാട്, ഗുജറാത്ത് സര്‍ക്കാരുകളും റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളം മാത്രമേ മറുപടി നല്കിയിട്ടുള്ളൂ.