മണല്‍ ക്ഷാമം: സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണം നിലച്ചു
Friday, November 28, 2014 8:50 AM IST
ഹുബ്ബള്ളി: മണല്‍ ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ വിവിധ സര്‍ക്കാരിന്റെ പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ബാഗല്‍ക്കോട്ട്, ഗദാഗ്, ധര്‍വാഡ്, ഹവേരി ജില്ലകളിലെ വന്‍ പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആവശ്യത്തിന് മണല്‍ ലഭിക്കാത്തതിനാല്‍ തടസപ്പെട്ടത്. സര്‍ക്കാരിന്റെ പുതിയ മണല്‍നയത്തിനെതിരേയാണ് ലോറി ഉടമകള്‍ പണിമുടക്ക് നടത്തുന്നത്.

മണല്‍ ക്ഷാമത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പും കര്‍ണാടക ലാന്‍ഡ് ആര്‍മി ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും(കെഎല്‍എസി) അവരുടെ മിക്ക നിര്‍മാണപദ്ധതികളും നിര്‍ത്തിവച്ചു. കെഎല്‍എസിയുടെ സുവര്‍ണ ഗ്രാമ യോജന, ഹോസ്റ്റലുകള്‍, കമ്യൂണിറ്റി ഹാള്‍, ആംഗന്‍വാടി സെന്ററുകള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. മണല്‍ക്ഷാമം വികസനപദ്ധതികളെ ബാധിച്ചിട്ടുണ്െടന്നും എന്നാല്‍, മണല്‍ ഖനനം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നു മണല്‍ നിക്ഷേപങ്ങള്‍ നിര്‍ണയിക്കുകയും പാരിസ്ഥിതികാനുമതി നല്കുകയും ചെയ്യുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കെഎല്‍എസി ഡപ്യൂട്ടി ഡയറക്്ടര്‍ ആര്‍.ജി. ഗദ്ദാഡ് അറിയിച്ചു.

ഒരു ലോറിയില്‍ ദിവസം മൂന്നു ലോഡ് മണലില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോടെയാണ് ലോറി ഉടമകള്‍ പ്രതിഷേധം ആരംഭിച്ചത്. മണല്‍ ലോറി ഉടമകള്‍ക്കു പിന്തുണയുമായി ലോറി ഓണേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മണല്‍ ഖനനാനുമതി നല്കാതിരിക്കാനുള്ള ചില നേതാക്കളുടെ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്ക്കുകയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.