ജോലിസമയം നീട്ടിയ നടപടി: അധ്യാപകര്‍ സമരത്തിന്
Friday, November 28, 2014 8:49 AM IST
ബംഗളൂരു: സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ജോലിസമയം ആഴ്ചയില്‍ 16 മണിക്കൂറില്‍നിന്നു 22 മണിക്കൂറായി ഉയര്‍ത്തിയ നടപടിയില്‍ പ്രതിഷേധമുയരുന്നു. നവംബര്‍ 25 നകം തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ക്ളാസുകളും പരീക്ഷയും ബഹിഷ്കരിച്ചുകൊണ്ടുള്ള സമരനടപടികളിലേക്കു നീങ്ങുമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു. മിക്ക കോളജുകളിലും അധ്യാപക വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനുള്ള സൌകര്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജോലിസമയം കൂട്ടിയത്. ഇതുപ്രകാരം ആഴ്ചയില്‍ അധികം വരുന്ന ആറു മണിക്കൂര്‍ അധ്യാപകര്‍ക്ക് ഗവേഷണപഠനത്തിനായി ഉപയോഗിക്കാം. നിലവില്‍ പ്രഫസര്‍മാര്‍ക്കും അസോസിയേറ്റ് പ്രഫസര്‍മാര്‍ക്കും 14 മണിക്കൂറും അസിസ്റന്റ് പ്രഫസര്‍മാര്‍ക്ക് 16 മണിക്കൂറുമാണ് ജോലിസമയം. അതേസമയം, ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരല്ല, അക്കാഡമിക് അധികൃതരാണ് തീരുമാനമെടുക്കേണ്ടതെന്നും കര്‍ണാടക സര്‍ക്കാര്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.