വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ സീറോമലബാര്‍ സഭാ സമൂഹം മാതൃക: ആര്‍ച്ച്ബിഷപ്
Monday, April 21, 2014 6:01 AM IST
ബാംഗളൂര്‍: സീറോമലബാര്‍ സഭയുടെ പ്രവാസികള്‍ക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിനെ സന്ദര്‍ശിച്ചു. ബാംഗളൂര്‍ സീറോമലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര സിഎംഐ, ഫാ.ഷാജി കൊച്ചുപുര എംസിബിഎസ്, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മെംബര്‍മാരായ സാബു ജോര്‍ജ്, ഫിലിപ് മാത്യു എന്നിവരും മാര്‍ റാഫേല്‍ തട്ടിലിനൊപ്പമുണ്ടായിരുന്നു. വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും അതു പുതു തലമുറയ്ക്ക് കൈമാറുന്നതിലും ബാംഗളൂരിലെ സീറോമലബാര്‍ സമൂഹം മാതൃകയാണെന്ന് ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസ് ചൂണ്ടിക്കാട്ടി.

ബാംഗളൂരിലെ 80,000ത്തോളം വരുന്ന സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്ക് ആവശ്യമായ അജപാലനശുശ്രൂഷ നല്‍കുന്നതിന് ആര്‍ച്ച്ബിഷപ്പിനോട് മാര്‍ റാഫേല്‍ തട്ടില്‍ നന്ദി പറഞ്ഞു. ബാംഗളൂര്‍ അതിരൂപതയ്ക്കും ആര്‍ച്ച്ബിഷപ്പിനും എല്ലാ പിന്തുണയും സഹകരണവും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുവേണ്ടി മാര്‍ റാഫേല്‍ തട്ടില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിന് മാര്‍ റാഫേല്‍ തട്ടില്‍ മെമെന്റോ സമ്മാനിച്ചു.