ഐഐസി ലിറ്ററേച്ചര്‍ അവാര്‍ഡ് ഷിഹാബുദീന്‍ പൊയ്ത്തുകടവിന്
അനിൽ സി. ഇടിക്കുള
Thursday, January 9, 2025 6:24 AM IST
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ അവാര്‍ഡിന് കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അര്‍ഹനായി. നാടിന്റെയും മറുനാടിന്റെയും എഴുത്തുകാരനായ ശിഹാബുദ്ദീന് എഴുത്തിന്റെ വിവിധ മേഖലകളിലൂടെ മലയാളികളുമായി സംവദിക്കുന്ന കഥകളിലൂടെയും ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫ്തീരിയകളുടെ ചരിത്രമെഴുത്ത് ഉള്‍പ്പടെയുള്ള പഠനങ്ങളിലൂടെയും പ്രവാസ ജീവിതത്തെയും അതിജീവനത്തെയും സൂക്ഷ്മമായി അവലോകനം ചെയ്ത രചയിതാവാണ്.
അദ്ദേഹത്തിന്റെ കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ഇസ്ലാമിക സെന്റർ സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് ജനുവരി 18,19 തീയതികളില്‍ നടക്കും. ഫെസ്റ്റിനോടനുബന്ധിച്ച് മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അമ്പതാം ചരമവാര്‍ഷിക ആചരണവും നടക്കും.
മോയിന്‍കുട്ടി വൈദ്യര്‍ക്കു ശേഷം മലയാള സാഹിത്യത്തിലെ ഒരു സവിശേഷ പാരമ്പര്യത്തെ നയിച്ച ജനകീയനായ കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതവും ദുരിതവും ഇന്ത്യന്‍ സ്വാതന്ത്യസമരവും ജയിലനുഭവങ്ങളും യാതനകളും പുലിക്കോട്ടില്‍ കൃതികളിലൂടെ ഇന്നും മലയാളം കേട്ടറിയുന്നു.
മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയ്യാറാക്കിയ അറബിമലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാളത്തിന്റെ കൈവഴികളിലൊന്നിന്റെ സമഗ്രമായ ചരിത്രരേഖയായാണ് ബിബ്ലിയോഗ്രഫി രചിച്ചിരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ സി.എച്ച് ചെയറിന്റെ അനുബന്ധമായി ഭാഷാസാഹിത്യ സംരക്ഷണ രംഗത്ത് സേവനങ്ങള്‍ അര്‍പ്പിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയാണ് ഇത് പൂര്‍ത്തീകരിക്കുന്നത്.
പ്രകാശന പരിപാടിയില്‍ ചരിത്രകാരനും ഗ്രന്ഥകാരനുമായ അബ്ദുറഹ്മാന് മങ്ങാട് സംബന്ധിക്കും.
രണ്ടു ദിവസം വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംവാദം, ഷോര്‍ട് ഫിലിം ഫെസ്റ്റ്, സഞ്ചാരികളും വ്ളോഗര്‍മാരും പങ്കെടുക്കുന്ന ട്രാവലോഗ്, പ്രവാസലോകത്തെ മുതിര്‍ന്ന പൗരന്മാന്മാരുടെ കൂടിയിരിപ്പ്, കഥാകവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യസാംസ്കാരിക സംവാദങ്ങള്‍, എഴുത്തുകാര്‍ക്ക് ആദരവ്, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ സെഷനുകളും ഒരുക്കുന്നുണ്ട്. നാട്ടിലും യുഎഇയിലുമുള്ള എഴുത്തുകാരും കവികളും സാംസ്കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുള്ള പറപ്പുര്, വൈസ് പ്രസിഡന്റ് യു.അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ ബി.സി അബൂബക്കര്‍, ലിറ്ററേച്ചര്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ധീന്‍, അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കല്‍, ജുബൈര്‍ വെള്ളാടത്ത്, അലി ചിറ്റയില്‍ എന്നിവര്‍ പങ്കെടുത്തു.