മക്കയിൽ പേമാരി; വാഹനങ്ങൾ ഒഴുകിപ്പോയി
Wednesday, January 8, 2025 12:21 PM IST
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിൽ പെയ്ത കനത്ത മഴയിൽ ജിദ്ദ നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിലായി. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. മദീനയിലും കനത്ത മഴയാണ് പെയ്തത്.
മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണു രക്ഷാപ്രവർത്തനം നടത്തിയത്.
മക്കയിൽ ഒരു ഡെലിവറി ബോയ് ബൈക്കിൽനിന്ന് വെള്ളക്കെട്ടിലേക്കു വീഴുന്നതിന്റെയും വലിയ മരങ്ങളും മറ്റും ഒലിച്ചുപോകുന്നതിന്റെയും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. 2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ പെയ്ത റിക്കാർഡ് മഴയ്ക്കുശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ശക്തമായ മഴ പെയ്തത്.