വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
Thursday, November 28, 2024 11:03 AM IST
ഡോണാപോള (ഗോവ): വത്തിക്കാന്‍ ഇന്ത്യക്കു നല്കിയ പുതുവര്‍ഷസമ്മാനമാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വത്തിക്കാനില്‍നിന്നുള്ള ഒമ്പതംഗ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആദ്യകാല ക്രിസ്ത്യന്‍ സന്ദേശം എത്തിച്ചേര്‍ന്ന ഇടങ്ങളാണു കേരളവും ഗോവയും. അതുകൊണ്ടുതന്നെ മലയാളിയെന്ന നിലയിലും ഗോവ ഗവര്‍ണര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ലോകത്തിനു നല്കിയ ആത്മീയ സമ്മാനമാണ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടെന്നു വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധിയായെത്തിയ ആർച്ച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ പറഞ്ഞു.
ഗോവ ആര്‍ച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, സഹായമെത്രാൻ ഡോ. സിമിയാവോ, മറ്റൊരു നിയുക്ത കർദിനാളായ റൊളാന്തസ് മാക്റിക്കസ് തുടങ്ങിയവരും സംസാരിച്ചു. പരിസ്ഥിതി വകുപ്പ് മന്ത്രി അലക്സ് സെക്വറിയയും സന്നിഹിതനായിരുന്നു.
മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, ബാലഗംഗാധര തിലകന്, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് എന്നിവരുടെ ഭഗവത്ഗീത വ്യാഖ്യാനങ്ങളും വിശുദ്ധ കുരിശും നിലവിളക്കും നല്‍കിയാണ് ഗവര്‍ണര്‍ അതിഥികളെ സ്വീകരിച്ചത്.
പ്രതിനിധിസംഘം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിച്ചു കൊടുത്തയച്ച സമ്മാനങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ടു കൊന്തയുമാണ് മാര്‍പാപ്പ കൊടുത്തയച്ച സമ്മാനങ്ങൾ.
വത്തിക്കാന്‍ സംഘം ഗവര്‍ണറോടൊപ്പം രാജ്ഭവനിലെ ഔവര്‍ ലേഡി ഓഫ് കേപ് ഓഫ് ബോണ്‍ വോയേജ് പള്ളി സന്ദര്‍ശിച്ചാണു മടങ്ങിയത്.