ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന് ഓവറോൾ കിരീടം
ഷൈമോൻ തോട്ടുങ്കൽ
Sunday, November 17, 2024 11:20 PM IST
സ്കന്തോർപ്പ്: ദൈവവചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജണുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.
രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയണിനും മൂന്നാം സ്ഥാനം ബിർമിംഗ് ഹാം കാന്റർബറി റീജിയണും കരസ്ഥമാക്കി കലോത്സവത്തിൽ മുൻ നിരയിലെത്തി.
യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലച്ചേരി വിസി, ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ, ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ,
ഫാ. ജോസഫ് പിണക്കാട്, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ആന്റമി മാത്യു, ജോയിന്റ് കോഓർഡിനേറ്റേഴ്സുമാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജണുകളിൽ നിന്നുള്ള വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.