ആലപ്പുഴ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിനുള്ള 2024- 25 കര്‍മ പദ്ധതി തയാറാക്കുന്നതിനുള്ള ജില്ലാതല ശില്പശാല മാരാരിക്കുളം നോര്‍ത്ത് ഗ്രാമപഞ്ചായത്തില്‍ നടന്നു.
ജില്ലാ ആസൂത്രണസമിതി അധ്യക്ഷ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിന് സെക്രട്ടേറിയേറ്റംഗങ്ങള്‍ എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വം നല്കി. ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളുടെയും സെക്രട്ടറിമാരും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.
മുനിസിപ്പാലിറ്റികളുടെ മാലിന്യമുക്തം നവകേരളം കാമ്പയിന് കര്‍മപദ്ധതി തയാറാക്കി. ഹരിത കര്‍മസേനയുടെ സേവനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പുവരുത്തുക, ഗാര്‍ഹിക ജൈവമാലിന്യ സംസ്കരണം സമ്പൂര്‍ണമായി നടപ്പിലാക്കുക, പൊതു ഇടങ്ങളില്‍ മാലിന്യശേഖരണത്തിനുള്ള ബിന്നുകള്‍ സ്ഥാപിക്കുകയും സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക, ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക, പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്കരണ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കര്‍മപദ്ധതി മുന്നോട്ടുവച്ചു. 2025 ന് മാര്‍ച്ച് 31 നകം ജില്ലയിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളെയും സമ്പൂര്‍ണ മാലിന്യമുക്ത കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യം കര്‍മ പരിപാടി ലക്ഷ്യംവയ്ക്കുന്നു.