കുടിവെള്ള പ്രശ്നം : ഒഴിഞ്ഞ കുടങ്ങളുമായി കൗൺസിലർമാർ ചെയർമാനെ ഉപരോധിച്ചു
1488774
Saturday, December 21, 2024 4:20 AM IST
പത്തനംതിട്ട: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഒഴിഞ്ഞ കുടങ്ങളും കലവുമായി യുഡിഎഫ് നേതൃത്വത്തിൽ കൗൺസിലർമാർ പത്തനംതിട്ട നഗരസഭ ചെയർമാനെ ഉപരോധിച്ചു.
ശബരിമല ഇടത്താവളത്തിലും നഗരത്തിലെ ഓഫീസുകളിലും വെള്ളം കിട്ടാതെ ജനം നട്ടം തിരിയുകയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പരാതി പറഞ്ഞു മടുത്തതോടെയാണ് ചെയർമാനെ ഉപരോധിക്കാൻ തീരുമാനിച്ചത്. ജല അഥോറിറ്റിയെക്കൊണ്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ നഗരസഭ നേതൃത്വം പരാജയപ്പെട്ടതായി യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
നഗരവാസികൾ വൻ തുക ചെലവഴിച്ചാണ് വെള്ളം വാങ്ങുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു. ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന ചെയർമാൻ ടി. സക്കീർ ഹുസൈൻ നൽകിയ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
കൗൺസിലർമാരായ എ. സുരേഷ് കുമാർ, റോഷൻ നായർ, എം. സി. ഷെറീഫ്, സിന്ധു അനിൽ, സി. കെ. അർജുനൻ, മേഴ്സി വർഗീസ്, ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ നേതൃത്വം നൽകി.