കാലാവധി തീരാൻ ഒരു വർഷം : തദ്ദേശ സ്ഥാപനങ്ങളിൽ അസ്ഥിരതയും കാലുമാറ്റവും
1488773
Saturday, December 21, 2024 4:20 AM IST
പത്തനംതിട്ട: നിലവിലെ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ കാലാവധി തീരാൻ ഒരുവർഷം മാത്രം ബാക്കിനിൽക്കേ കാലുമാറ്റത്തിലൂടെ ഭരണസമിതികൾ പലയിടത്തും അസ്ഥിരമാകാൻ സാധ്യത. അവിശ്വാസവും കൂറുമാറ്റവും ഇനിയുള്ള ദിവസങ്ങളിൽ വ്യാപകമായേക്കുമെന്ന് സൂചന.
കൂറുമാറ്റ നിരോധന നിയമം ബാധകമാണെങ്കിലും ഇതിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്പോഴേക്കും നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുമെന്നതും വലിയ രാഷ്ട്രീയഭാവി കാണാത്തവരുമൊക്കെ ഇനിയുള്ള ദിവസങ്ങളിൽ പലയിടത്തും മറുകണ്ടം ചാടുമെന്ന സൂചനയാണുള്ളത്.
ജില്ലയിൽ ഒരു ഡസനോളം ഭരണസമിതികളിൽ ഇനിയുള്ള ദിവസങ്ങളിൽ ഭരണമാറ്റം നടക്കേണ്ടതുണ്ട്. മുന്നണികളിലെ ധാരണപ്രകാരം അവസാന ഒരുവർഷം അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലങ്ങളിലാണ് ഭരണമാറ്റത്തിനായി രാജി ഉണ്ടാകുന്നത്.
എന്നാൽ ഇത്തരത്തിൽ രാജി നടക്കുന്ന സ്ഥലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കിൽ അംഗങ്ങളെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ അണിയറകളിൽ ഒരുങ്ങിയേക്കാം.
പന്തളം നഗരസഭ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവിശ്വാസവും തുടർന്നുണ്ടാകാൻ പോകുന്ന ഭരണമാറ്റവും ഇതിന്റെ സൂചനയാണ് നൽകുന്നത്. കേവല ഭൂരിപക്ഷവും സ്വതന്ത്രരുടെ പിന്തുണയുമൊക്കെയായി അധികാരത്തിലുള്ള ഭരണസമിതികളാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്.
മുന്നണി ധാരണകൾ പലയിടത്തും പാലിക്കപ്പെടാതെ പോയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ അധികാരം ലഭിക്കേണ്ടവർ മുന്നണിക്കു പുറത്തുനിന്ന് ചരടുവലികൾ ആരംഭിച്ചതായും സൂചനയുണ്ട്. ധാരണയുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ അധികാരത്തിലുള്ളവർ ഉടൻ രാജിവയ്ക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലാണ് ഇത്തരത്തിൽ ധാരണയുള്ളത്.
പന്തളത്ത് ചരടുവലി ഊർജിതം
പന്തളം നഗരസഭയിൽ തിങ്കളാഴ്ച നടക്കുന്ന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താനുള്ള ചരടുവലികളാണ് ഇരുമുന്നണികളും നടത്തുന്നത്. 33 അംഗ കൗൺസിലിൽ 18 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളതെങ്കിലും മൂന്ന് കൗൺസിലർമാർ പാർട്ടിക്കൊപ്പമുണ്ടാകില്ലെന്ന സൂചനാണുള്ളത്.
എന്നാൽ ഇവരെക്കൂടി ഉറപ്പിച്ചു നിർത്തി അധികാരം നിലനിർത്താൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തു പാലക്കാടു കഴിഞ്ഞാൽ ബിജെപി ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭയാണ് പന്തളം. വിമത നിലപാട് സ്വീകരിച്ച കൗൺസിലർമാരുമായി ഇതിനോടകം ചർച്ച ആരംഭിച്ചതായാണ് സൂചന. ഇവരെ ലക്ഷ്യമിട്ട് എൽഡിഎഫും യുഡിഎഫും ചില നീക്കങ്ങൾ നടത്തിയതോടെയാണിത്. എൽഡിഎഫിന് ഒന്‍പത് അംഗങ്ങളും യുഡിഎഫിന് അഞ്ചംഗങ്ങളുമാണുള്ളത്.
യുഡിഎഫ് പിന്തുണയിൽ ബിജെപിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ ബിജെപിക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം. വോട്ടെടുപ്പിൽ ഒന്‍പതാം വാർഡംഗം ബിജെപിയുടെ ശ്രീജ ടി. നായർക്ക് രണ്ട് വോട്ടും യുഡിഎഫിലെ കോൺഗ്രസിന്റെ നാലാംവാർഡംഗം കെ. സുഗതകുമാരിക്ക് ഒരുവോട്ടും ലഭിച്ചു. യുഡിഎഫിലെ മറ്റൊരംഗമായ കേരള കോൺഗ്രസിലെ അജി കുമാറാണ് ബിജെപിക്ക് വോട്ടു ചെയ്തത്.
തോട്ടപ്പുഴശേരിയിൽ വിപ്പ് ലംഘിച്ച നാല് അംഗങ്ങളെ സിപിഎം സസ്പെൻഡ് ചെയ്തു
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേയുള്ള അവിശ്വാസ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് പങ്കെടുത്ത നാല് മെംബർമാരെ സിപിഎം സസ്പെൻഡ് ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം തോട്ടപ്പുഴശേരി ലോക്കല്‍ കമ്മറ്റി അംഗവുമായ ആര്. കൃഷ്ണകുമാര്‍, നെടുന്പ്രയാര് ബ്രാഞ്ച് സെക്രട്ടറി റെന്സിന് കെ. രാജന്, പാര്‍ട്ടി അംഗങ്ങളായ സിസിലി തോമസ്, റീന തോമസ് എന്നിവരെയാണ് ഒരുവർഷത്തേക്ക് സിപിഎം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഇവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുന്നതിലേക്കുള്ള നടപടികൾ ആരംഭിച്ചതായും സിപിഎം ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച പരാതി നൽകി.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി, വൈസ് പ്രസിഡന്റ് ഷെറിന് റോയി എന്നിവർക്കെതിരേ അവിശ്വാസം പരിഗണിക്കുന്പോൾ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനാണ് സിപിഎം അംഗങ്ങളോടു നിർദേശിച്ചിരുന്നത്.
ജില്ലാ സെക്രട്ടറി പുറപ്പെടുവിച്ച വിപ്പ് പഞ്ചായത്ത് കമ്മിറ്റിയിലെ അഞ്ച് സിപിഎം അംഗങ്ങൾക്കും നൽകിയിരുന്നു. ഇവരിൽ അജിത ടി. ജോർജ് മാത്രമാണ് വിപ്പ് അനുസരിച്ച് യോഗത്തിൽ നിന്നു വിട്ടുനിന്നത്. നേരത്തെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസനോട്ടീസിൽ ഒപ്പുവച്ചവരാണ് നാല് അംഗങ്ങൾ. പാർട്ടിയുടെ അനുമതിയോടെയല്ല അവർ ഇത്തരത്തിൽ നീങ്ങിയതെന്ന് അന്നുതന്നെ ഏരിയാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ ഏഴുപേര്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. സിപിഎമ്മിലെ അഞ്ച് അംഗങ്ങളില്‍ നാലുപേരും കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു.