കുണ്ടറ: പേരയം പഞ്ചായത്തിൽ പ്രിസിഷൻ ഫാമിംഗ് ( കൃത്യത കൃഷി ) പ്രകാരം കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പടപ്പക്കര നെല്ലി മുക്കത്ത് മേലതിൽ ചാർളി ആന്റണിയുടെ കൃഷിയിടത്തിലാണ് ഇസ്രയേൽ സാങ്കേതിക വിദ്യയായ പ്രിസിഷൻ ഫാമിംഗ് പ്രകാരമുള്ള കൃഷി രീതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്.
പേരയം കൃഷിഭവന്റെ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തിലുമാണ് കൃത്യതാ കൃഷി രീതി അവലംബിച്ച് കൃഷി ചെയ്തത്. തക്കാളി, വെണ്ട, വഴുതന, അമര, ചീര, തണ്ണി മത്തൻ, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്. പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനോദ് പാപ്പച്ചൻ, വൈ. ചെറുപുഷ്പം, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, കർഷകൻ ചാർളി ആന്റണി, ആരാധന, രഞ്ജിത്ത്ത എന്നിവർ പ്രസംഗിച്ചു.