കുറ്റ്യാടി ബൈപാസ് റോഡ് നിർമാണ പ്രവർത്തി ഉദ്ഘാടനം
1454907
Saturday, September 21, 2024 4:34 AM IST
കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കിനു താൽക്കാലിക ആശ്വാസമായി ബൈപാസിന്റെ പ്രവർത്തി ഉദ്ഘാടനം 30ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ബൈപാസിന് വേണ്ടി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് സ്ഥലം എംഎൽഎയായിരുന്ന കെ.കെ. ലതികയാണ് ശ്രമം നടത്തിയത്.
തുടർന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും ബൈപാസിനായി ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഭൂമി വിട്ടുകിട്ടുന്നതിലുള്ള കാലതാമസം ബൈപാസ് വരുന്നതിന് തടസമായി നിന്നു.
ഭൂമി ഏറ്റടുക്കൽ ഉൾപ്പെടെ 39.42 കോടി രൂപയാണ് നിർമാണ ചെലവ്. കിഫ്ബി വഴിയാണ് ഫണ്ട് ലഭിക്കുന്നത്. ബാബ് കൺസ്ട്രക്ഷനാണ് നിർമാണ കരാർ.
വടകര റോഡിലെ കടേക്കച്ചാലിൽ നിന്ന് തുടങ്ങി മൊതാക്കര വയൽ വഴി പേരാമ്പ്ര റോഡിലെ പാലത്തിനടുത്ത് എത്തുന്ന രീതിയിലാണ് നിർമാണം. 12 മീറ്റർ വീതിയിൽ 1.5 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുക.