വേ​ന​ൽ​ച്ചൂ​ടി​ൽ പൊ​ള്ളി കോ​ഴി​ക്കോ​ട്: മൂ​ന്നു മാ​സ​ത്തെ വൈദ്യുതി ഉ​പ​ഭോ​ഗം 602.34 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്
Wednesday, May 8, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന. വേ​ന​ൽ ചൂ​ട് പൊ​ള്ളി​ച്ച ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ജി​ല്ല​യി​ലെ ആ​കെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 602.34 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്. ഇ​തേ കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​പ​ഭോ​ഗം 529.47 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്.

എ​സി, ഫാ​ൻ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​ത്ത​നെ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടി​യ​തെ​ന്ന് കെ​എ​സ്ഇ​ബി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി മാ​സം ജി​ല്ല​യി​ൽ 189.82 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ഉ​പ​യോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ടു​ത്ത മാ​സ​ത്തെ ഉ​പ​യോ​ഗം 192.78 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി ഉ​യ​ർ​ന്നു.

ഏ​പ്രി​ലി​ലെ ഉ​പ​ഭോ​ഗം വീ​ണ്ടും ഉ​യ​ർ​ന്ന് 219.74 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​യി. ജി​ല്ല​യി​ലെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം ക​ണ​ക്കാ​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട്, വ​ട​ക​ര കെ​എ​സ്ഇ​ബി സ​ർ​ക്കി​ളു​ക​ളി​ലെ ആ​കെ ഉ​പ​ഭോ​ഗം ക​ണ​ക്കാ​ക്കി​യാ​ണ്. 2024 ഫെ​ബ്രു​വ​രി-​ഏ​പ്രി​ൽ കാ​ല​യ​ള​വി​ൽ കോ​ഴി​ക്കോ​ട് സ​ർ​ക്കി​ളി​ൽ 434.88 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​തേ മാ​സ​ങ്ങ​ളി​ൽ വ​ട​ക​ര സ​ർ​ക്കി​ളി​ൽ ഇ​ത് 167.46 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്.

ഈ ​വ​ർ​ഷം ഉ​പ​ഭോ​ഗം കൂ​ടി​യ സ​മ​യം (പീ​ക്ക് ടൈം) ​രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട് വ​രെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു.