കിണറിൽ വീണ 62കാരനെ അഗ്നി രക്ഷാസേന രക്ഷിച്ചു
Tuesday, May 7, 2024 5:09 AM IST
പേരാന്പ്ര: വീട്ടു മുറ്റത്തെ കിണറിൽ വീണ അറുപത്തിരണ്ടുകാരനെ പേരാന്പ്ര അഗ്നിരക്ഷാ സേന രക്ഷപെടുത്തി. ഇരിങ്ങത്ത് പാക്കനാർപുരത്തെ മീത്തലെ പുത്തലത്ത് ജയരാജനെയാണ് അഗ്നി രക്ഷാസേന രക്ഷപെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ഏകദേശം 40 താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റിലാണ് ജയരാജൻ വീണത്. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്‍റെയും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന്‍റെയും നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. മനോജ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിൽ ജയരാജനെ സുരക്ഷിതമായി പുറത്തെടുത്തു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എൻ. രതീഷ്, പി.ആർ. സത്യനാഥ്, ടി. ബബീഷ്, കെ. രഗിനേഷ്, സി.കെ സ്മിതേഷ്, കെ. അജേഷ് എന്നിവരും രക്ഷാ ദൗത്യത്തിൽ പങ്കാളികളായി.