ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒആർഎസ് സഹായിക്കുന്നു.
മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു.
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഒആര്‍എസില്‍ എന്തെല്ലാം?
ഒആര്‍എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒആര്‍എസ് നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.
ഛര്‍ദ്ദി ഉണ്ടെങ്കിൽ
ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പ്പാല്‍പ്പമായി ഒആര്‍എസ് ലായനി നല്‍കണം.
നിർജ്ജലീകരണ ലക്ഷണങ്ങൾ
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
വയറളിക്ക രോഗങ്ങളുടെ തുടക്കത്തിൽ തന്നെ ഒആർഎസ്നൽകിയാൽ രോഗികളെ നിർജ്ജലീകരണമുണ്ടാകുന്നതിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.
ഒആര്‍എസ് ലായനി തയാറാക്കുന്ന രീതി
· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് (കാലാവധി )നോക്കുക.
· കൈകൾ വൃത്തിയായി കഴുകുക. വൃത്തിയുള്ള പാത്രത്തില്‍ 200 മില്ലി ഗ്രാമിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒആര്‍എസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലേക്ക് ഇടുക.
· പൗഡർ മൊത്തം ലയിച്ചുതീരുന്നതു വരെ വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.
· വൃത്തിയുള്ള അടപ്പുകൊണ്ട് പാത്രം മൂടിവയ്ക്കുക. ഒരു പ്രാവശ്യം തയാറാക്കിയ ഒആര്‍എസ് ലായനി 24 മണിക്കൂർ വരെ ഉപയോഗിക്കാം
ഉപയോഗിക്കേണ്ട വിധം
· വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം.
ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
- ലായനി അല്പാല്പമായി ഇടവിട്ട് നല്‍കുക. ചെറിയ കുട്ടികളെ മടിയിലിരുത്തി തല ഉയർത്തിപ്പിടിച്ച് സ്പൂണിൽ ലായനി കൊടുക്കുക.
- ജലാംശനഷ്ടം പരിഹരിക്കപ്പെടുന്നതുവരെ ലായനി തുടർന്നും നല്‍കുക.
ലായനി നൽകുന്നതിനൊടൊപ്പം മറ്റു പാനീയങ്ങളും ആഹാരവും കഴിക്കാൻ പറ്റുമെങ്കിൽ നൽകാവുന്നതാണ്
എന്നിട്ടും, രോഗം ശമിച്ചില്ലെങ്കിൽ
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജ്ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.