ഉപ്പ് കുറയ്ക്കാം
Thursday, January 2, 2025 1:28 PM IST
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.
അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം.
അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല.
സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം.
അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.
അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്