പെൺവിജയഗാഥ
പെൺവിജയഗാഥ
Monday, January 30, 2017 6:48 AM IST
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ് ഓരോ സ്റ്റാർട്ടപ് സംരംഭകനും മുന്നേറുന്നത്. ഇവിടെ രണ്ട് വനിതാ സ്റ്റാർട്ടപ് സംരംഭകരുടെ വിജയവും, സ്ത്രീ സംരംഭകർക്കായി എന്തു സഹായവും നൽകാൻ തയ്യാറായി വുമൺ ഇൻകുബേഷൻ പ്രോഗ്രാം നടത്തുന്ന ഒരു പെൺ പിന്തുണയെയും പരിചയപ്പെടുത്തുകയാണ്.

ചന്ദ്ര: സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്ന ഇച്ഛാശക്‌തി

വ്യക്‌തിത്വ വികസനം, ജീവിതവിജയം തുടങ്ങിയ മേഖലകൾക്ക് പരിശീലനം നൽകാൻ നിരവധി പരിശീലകരും, പരിശീലനം നേടാൻ കുട്ടികൾ മുതൽ വലിയവർ വരെ കാത്തു നിൽക്കുന്ന കാലമാണിത്. പക്ഷേ, വെറുതെ ആരെങ്കിലും വന്നു പരിശീലനം നൽകിയാൽ അത് ഫലം കാണണമെന്നില്ല. അതിന് അതിന്റേതായ യോഗ്യതകളുള്ള പരിശീലകർ തന്നെ വേണം. ഈ യോഗ്യതകളുള്ള പരിശീലകരെ ംംം.ഠ4ഠൃമശിലൃ.രീാ ലൂടെ കണ്ടെത്താം.

കാക്കനാട് സ്വദേശിനി ആർ. ചന്ദ്ര വദനയാണ് ഈ സംരംഭത്തിനു പിന്നിലെ സ്ത്രീശക്‌തി. സംരംഭക എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കാവുന്നതല്ല ഇവരുടെ പ്രവർത്തനങ്ങൾ. സ്വപ്നം കാണാനും അവയെ പ്രാവർത്തികമാക്കാനുമുള്ള ഇച്ഛാശക്‌തി. ഹ്യൂമൻ റിസോഴ്സും പരിശീലനവും എന്നതിൽ 12 വർഷത്തെ പ്രവർത്തന പരിചയം. വിദ്യാഭ്യാസവും പരിശീലനവും എന്നതിൽ പുതുമയാർന്ന നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, പ്രത്യേകിച്ച് കരിയർ മേഖലയിലും സർവീസ് മേഖലയിലും എന്നു തുടങ്ങി ചന്ദ്രക്ക് നൽകാൻ വിശേഷണങ്ങൾ ഏറെയുണ്ട്.

സംരംഭകയായ കഥ

സംരംഭത്തിലേക്കു കടന്നു വന്ന കഥ ചന്ദ്ര തന്നെ പറയും. എന്റെ ബാല്യകാലം തൊട്ടുള്ള ആഗ്രഹമായിരുന്നു സംരംഭകയാകുക എന്നത്. പക്ഷേ, എന്റെ കുടുംബത്തിന് അതിൽ താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പരിശീലനം എന്നീ മേഖലകളിൽ എന്റെ പ്രഫഷൻ കെട്ടിപ്പടുക്കുവാൻ തീരുമാനിച്ചു. ബിരുദ പഠനത്തിനു ശേഷം എംബിഎയും സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും ചെയ്തു. കാരണം ആളുകളെ അവരുടെ കഴിവുകളും സാധ്യതകളും കണ്ടെത്തി പ്രചോദിപ്പിക്കാനും അവരെ യാഥാർത്ഥ്യത്തിലേക്കു കൊണ്ടു വരാനുമുള്ള എന്റെ ആഗ്രഹത്തിന്റെ പുറത്താണ് ഇത് ചെയ്തത്. ഡോക്ടറേറ്റിനുവേണ്ടിയുള്ള ഗവേഷണവും പഠനവുമെല്ലാം ഇതുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. പൂർണ സമയ സംരംഭക എന്ന റോളിലേക്ക് ഞാൻ എത്തുന്നതിനു മുമ്പു പത്തു വർഷത്തോളം സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, കോർപറേറ്റ് മേഖല എന്നിവിടങ്ങളിലെല്ലാം വിവിധ സേവനങ്ങൾ എന്റെ ജോലിയുടെ ഭാഗമായി ചെയ്തിരുന്നു. പക്ഷേ, അപ്പോഴൊക്കെ ഞാൻ പിന്തുടർന്നിരുന്ന സ്വപ്നം സ്വന്തമായൊരു ബിസിനസ് എന്നതു തന്നെയായിരുന്നു. അതും എന്റേതായ ആഗ്രഹങ്ങൾക്കനുസരിച്ച് എന്റേതായ പരിശീലന രീതികൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സംരംഭം. അങ്ങനെ ആ ആഗ്രഹം 2013ൽ ഫോർച്യൂൺ ഫാക്ടറി എന്ന സ്റ്റാർട്ടപ് കമ്പനി ആരംഭിച്ചു കൊണ്ട് ഞാൻ പൂർത്തിയാക്കി.

തിരുത്തലുകളിലൂടെ ശരി വഴിയിലേക്ക്

ഫോർച്യൂൺ ഫാക്ടറി വിദ്യാഭ്യാസ മേഖലയ്ക്കും കോർപറേറ്റ് മേഖലയ്ക്കും റിക്രൂട്ട്മെന്റ്, പരിശീലനം എന്നിവ സംബന്ധമായ സേവനങ്ങൾ നൽകുന്ന ഒരു സംരംഭം തന്നെയായിരുന്നു. രണ്ടു വർഷത്തെ പഠനത്തിനും പരാജയങ്ങൾക്കും ശേഷം തന്റേ ടേണിംഗ് പോയിന്റ് വരുന്നത് 2015 ലാണെന്ന് ചന്ദ്ര പറയുന്നു. രണ്ടു വർഷം കൊണ്ട് ചന്ദ്ര മനസിലാക്കിയത് ഇതാണ്. പരിശീലകർക്ക് വേണ്ടത്ര യോഗ്യതകൾ ഇല്ലാത്തതും പരിശീലകർക്കാവശ്യമായ വിഭവങ്ങളെക്കുറിച്ചുള്ള ബോധ്യമില്ലാത്തതും ലഭ്യത ഇല്ലാത്തതുമാണ് പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. അതുകൊണ്ടുതന്നെ പരിശീലകരുടെ ഉന്നമനത്തിനായിട്ടായിരുന്നു ചന്ദ്രയുടെ ശ്രദ്ധ.

പിന്നെ വിജയങ്ങൾ തേടിയും നേടിയുമുള്ള യാത്രയായിരുന്നു. ചന്ദ്രയും ടീമും (അന്നു ടീമിൽ ചന്ദ്രയും വീണ എന്ന സഹപ്രവർത്തകയും മാത്രമെ ഉണ്ടായിരുന്നുള്ളു) 2015 ൽ കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ സോഫ്റ്റ് സ്കിൽ ട്രെയിനർമാരുടെ കോൺഫറൻസ് സംഘടിപ്പിച്ചു. ഇതായിരുന്നു ഞങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെയെല്ലാം വഴിത്തിരിവ്. തുടർന്ന് 2016 ൽ കോഴിക്കോടും ഇതേ പരിപാടി സംഘടിപ്പിച്ചു.


2016 ജനുവരിയിൽ ചന്ദ്രയുടെയും ടീമിന്റെയും പരിശീലകരെയും ഉപഭോക്‌താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ംംം.ഠ4ഠൃമശിലൃ. രീാ എന്ന സ്റ്റാർട്ടപ് ഉത്പന്നത്തെ കൊച്ചി ഇൻഫോ പാർക്കിലുള്ള നാസ്കോം വേർ ഹൗസ് ഇൻകുബേഷനായി തിരഞ്ഞെടുത്തു. ഈ അടുത്ത് ടി ഫോർ ടി എപിജെ അബ്ദുൾകലാം സ്റ്റാർട്ടപ് അവാർഡ് നേടിയിരുന്നു.

ഇൻകുബേഷൻ ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ ടി ഫോർ ടി വിവിധ പരിശീലന പരിപാടികൾക്ക് പരിശീലകരെ തിരയുന്ന ഉപഭോക്‌താക്കളുടെ വിശ്വസ്തമായ ബ്രാൻഡായി മാറി എന്ന് ചന്ദ്ര പറയുന്നു.

ഈ വെബ് പോർട്ടൽ പരിശീലകരുടെ പരിശീലന കാര്യക്ഷമത മനസിലാക്കാൻ സൈക്കോമെട്രിക് അസെസ്മെന്റ് നടത്താറുണ്ട്. ടി ഫോർ ടി എന്ന ഒറ്റ സംരംഭത്തിൽ ഒതുങ്ങുന്നതല്ല ചന്ദ്രയുടെ പ്രവർത്തനങ്ങൾ. പരിശീലകർക്കായി പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്ന ടി ഫോർ ടി അക്കാദമി, പരിശീലകരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ട്രെയിനോപീഡിയ എന്ന ഓൺലൈൻ മാഗസിൻ എന്നിവയെല്ലാം ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

വെല്ലുവിളികളെ അതിജീവിച്ച്

ഞാൻ ഒരിക്കലും സ്ത്രീ സംരംഭകർ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം സംരംഭകത്വം ഒരു കായിക ഇനമോ, സ്ത്രീയും പുരുഷനും മത്സരിച്ചു ചെയ്യേണ്ട ഒരു പ്രവർത്തിയോ അല്ല. സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന സ്ത്രീക്കും പുരുഷനും വെല്ലുവിളികളുണ്ടാകും. അതിനാൽ ഒരു സ്ത്രീ സംരംഭകയാണ് എന്നതു കൊണ്ട് എന്തെങ്കിലും നേട്ടം കിട്ടണമെന്നില്ല. ഒരു സ്ത്രീ സംരംഭക എന്ന നിലക്ക് പ്രശ്നങ്ങളെ അതിജീവിക്കേണ്ടിവരും എന്ന മനസോടെ മുന്നോട്ട് പോകുക. പരാതികൾ പറയാൻ തുടങ്ങിയാൽ അല്ലെങ്കിൽ പ്രശ്നങ്ങളെക്കുറിച്ചു പറയാൻ തുടങ്ങിയാൽ പിന്നെ എന്തിനു ഇത് ചെയ്യുന്നു? വേറെ വല്ല ജോലിക്കും പോകാമല്ലോ, അല്ലെങ്കിൽ വെറുതെ വീട്ടിലിരുന്നൂടെ എന്നു തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്നു വരാൻ തുടങ്ങും. അതുകൊണ്ട കഠിനാദ്ധ്വാനം ചെയ്തു കൊണ്ട് വേണം മുന്നോട്ട് പോകാൻ.

കേരളത്തിൽ ബിസിനസ് ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും പിടിച്ചു നിൽക്കാനുള്ള കരുത്തും അടിത്തറയും ഇവിടെ നിന്നും ലഭിക്കും. കേരളത്തിലെ നിലവിലുള്ള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം ഏതൊരു സംരംഭകനും പൂർണ പിന്തുണ നൽകുന്നുണ്ട്. സ്ത്രീ സംരംഭക എന്ന നിലക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്–ചന്ദ്ര പറഞ്ഞു.

പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരിശീലനം നൽകിയ കുട്ടികളുടെയും പിന്തുണ തന്റെ സംരംഭകവഴിയിൽ മറക്കാനാവാത്തതാണെന്ന് ചന്ദ്ര പറയുന്നു. ബിസിനസ് എന്നതിനെക്കാളുപരിയായി നല്ലൊരു ജോലി എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പക്ഷേ, എന്റേത് നേരെ തിരിച്ചും. എങ്കിലും അവരെന്നെ സപ്പോർട്ട് ചെയ്തു. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഭർത്താവ് മനോജ് വർമ മക്കളായ മൈഥിലി മനോജ്, അനിരുദ്ധ് മനോജ് എന്നിവരും സഹപ്രവർത്തകരായ അഞ്ജലി എം.സി, അഖിന പൗലോസ്, സാന്ദ്ര സജു, ഷൈമി എം.എസ്, ഗ്രീഷ്മ ഡിജി, ഫാത്തിമ, ശ്രീജിത് മേനോൻ, വിദ്യ വിജയകുമാർ എന്നിവരും ചന്ദ്രക്കൊപ്പം തന്നെയുണ്ട്. ചന്ദ്രയുടെ സംരംഭത്തെ പെൺ സംരംഭം എന്നു തന്നെ വിളിക്കാം. കാരണം 90 ശതമാനം സഹപ്രവർത്തകരും സ്ത്രീകളാണ്. സംരംഭം തുടങ്ങാനായി ചന്ദ്ര ഉപയോഗിച്ചതു കയ്യിലുണ്ടായിരുന്ന പണവും സ്വർണവുമാണ്. പിന്നെ ഭാരതീയ മഹിള ബാങ്കിൽ നിന്നും മുദ്ര ലോൺ എടുത്തു.

ഭാവിയിൽ ചെയ്തു തീർക്കാനായി ഒരു പാട് സ്വപ്നങ്ങൾ തനിക്കുണ്ടൈന്ന് ചന്ദ്ര പറയുന്നു. സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളെ കൂടുതൽ ഉയർത്തി കൊണ്ടു വരണം. ഓരോന്നായി ചെയ്യണം. അതിനു മുമ്പ് ടി ഫോർ ടിയെ അതിന്റെ വളർച്ചയുടെ പാരമ്യത്തിലെത്തിക്കുക എന്നതാണ് തന്റെ മുന്നിൽ ആദ്യമുള്ളതെന്ന് ചന്ദ്ര പറയുന്നു.