കിടാക്കളുടെ ശരീര പോഷണത്തിന് കാഫ് സ്റ്റാർട്ടർ
കിടാക്കളുടെ ശരീര പോഷണത്തിന് കാഫ് സ്റ്റാർട്ടർ
Thursday, September 1, 2016 4:55 AM IST
<യ> ഡോ. ജിനി കെ.എസ്
കെ.വി.കെ, മലപ്പുറം

ക്ഷീരോത്പാദന മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അമിതമായ തീറ്റച്ചെലവാണ്. പോഷകങ്ങളുടെ കുറവും കൂടുതലും പാലുത്പാദത്തിന് വിഘാതമായി നിൽക്കുന്ന മുഖ്യ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ, കന്നുകാലികളുടെ ആഹാരക്രമത്തിന്റെ ശാസ്ത്രീയ വശം അറിഞ്ഞിരിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം പ്രസക്‌തമാണ്. ഇന്നത്തെ കിടാരിയാണ് നാളത്തെ പശു. ഇക്കാരണത്താൽ കിടാരികളുടെ പോഷണം അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

കിടാവിന്റെ വളർച്ചയ്ക്കും, ശരീരവലുപ്പത്തിനും അനുസരിച്ച് അതിനാവശ്യമായ പോഷകങ്ങളുടേയും അളവും വർധിച്ചു വരും. അതുകൊണ്ടു തന്നെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ കൃത്യമായി നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ, ശരിയായ രീതിയിലുള്ള വളർച്ച സാധ്യമാകുകയുള്ളൂ. ചെറിയ കന്നുകുട്ടികൾക്ക് പരുഷാഹാരം കാര്യക്ഷമമായി ഉപയോഗിക്കാൻ സാധ്യമല്ല. മാത്രവുമല്ല, കന്നുകാലികളിലെ ആമാശയത്തിലെ ഒന്നാമത്തെ അറയായ റൂമൻ പൂർണവളർച്ചയെത്താത്തതുകൊണ്ട് ധാരാളം ഖരാഹാരവും ഉപയോഗിക്കാൻ സാധ്യമല്ല.

അതുകൊണ്ടു തന്നെ, ജനിച്ച് രണ്ടാമത്തെ ആഴ്ച മുതൽ നല്ല ഗുണനിലവാരമുള്ള പുല്ലിനങ്ങൾക്കൊപ്പം, കൂടുതൽ ഊർജ്‌ജ വും മാംസ്യവും അടങ്ങിയ ഖരാഹാരം കന്നുകുട്ടികൾക്കായി മാത്രം നൽകാവുന്നതാണ്. ഈ ഖരാഹാരത്തെയാണ് കാഫ് സ്റ്റാർ ട്ടർ എന്നു വിളിക്കുന്നത്. ആവശ്യമായ അളവിൽ ധാന്യങ്ങളും മാംസ്യസ്രോതസുകളും, ധാതുലവണങ്ങളും വിറ്റാമിനുകളും ചേർത്തു പൊടിച്ചെടുക്കുന്ന ഒരു സമീകൃത ഖരാഹാരമാണ് കാഫ് സ്റ്റാർട്ടർ. ഒരു നല്ല കാഫ് സ്റ്റാർട്ടറിനു വേണ്ട ഗുണങ്ങൾ ചുവടെ പറയുന്നവയാണ്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ലെുേ01ൃമ2.ഷുഴ മഹശഴി=ഹലളേ>

* ഒരിക്കലും മായം ചേർന്നതോ, കേടാവുന്നതോ ആയ പദാർഥങ്ങളിൽ നിന്നും ഉണ്ടാക്കിയതാവരുത്.

* 70–75 ശതമാനം സമ്പൂർണ പചനീയ ഊർജ്‌ജം അടങ്ങിയിരിക്കണം.

* ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന പ്രകാരം ഇതിലെ മാംസ്യത്തിന്റെ അളവ് 23–26 ശതമാനം വരെയാവാം. വളരെ ഉയർന്ന ഗുണനിലവാരം ഉള്ള മാംസ്യം ആയിരിക്കണം ഇടിലടങ്ങിയിരിക്കുന്നത്. മാത്രവുമല്ല, ഇതിൽ ഒരിക്കലും യൂറിയ പോലുള്ള മാംസ്യേതര നൈട്രജൻ സ്രോതസുകൾ ഉണ്ടാകാൻ പാടില്ല.

* നല്ലവണ്ണം പൊടിഞ്ഞതും കന്നുകുട്ടികൾക്ക് കഴിക്കാൻ എളുപ്പമുള്ളതും ആയിരിക്കണം. ആവശ്യമെങ്കിൽ ഫ്ളേക്സാക്കിയും കാഫ് സ്റ്റാർട്ടർ ഉണ്ടാക്കാം.

* ടാനിൻ പോലുള്ള പോഷകമൂല്യമില്ലാത്ത പദാർഥങ്ങൾ ഉള്ള ഘടകങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്.

കന്നുകുട്ടികൾ ഭക്ഷിക്കുന്ന കാഫ് സ്റ്റാർട്ടറിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയ്ക്ക് നൽകുന്ന പാലിന്റെ അളവ്, വെള്ളത്തിന്റെ അളവ്, തീറ്റയുടെ ബാഹ്യഘടന, ജനനസമയത്തെ ഭാരം, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ജനിതകഘടന, പാർപ്പിട സൗകര്യം, കിടാവ് വളരുന്ന ചുറ്റുപാട് ഇവയെല്ലാം ഇതിനെ സ്വാധീനിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്.

കാഫ് സ്റ്റാർട്ടർ പ്രധാനമായും പെല്ലറ്റ്, പൊടി, തിരി എന്നീ രൂപങ്ങളിലാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്നത്. നല്ല ഉറപ്പുള്ളതോ, നല്ല മൃദുവായതോ, നല്ലപോലെ പൊടിയായതോ ആയവ നല്ലതല്ല. അതുപോലെ ഒരിക്കലും പൊടി പിടിച്ചതോ, പൂപ്പൽ ബാധിച്ചതോ, രുചി കുറഞ്ഞതോ ആവരുത്. ഇവയെല്ലാം ഈ തീറ്റയുടെ സ്വീകാര്യതയെ പ്രതികൂലമായി ബാധിക്കുന്നു. പൂപ്പൽ ബാധിച്ചവ ആരോഗ്യത്തിനു തന്നെ ഹാനികരമാണ്.


കാഫ് സ്റ്റാർട്ടർ സാധാരണയായി ആറു മാസം വരെ മാത്രമേ കൊടുക്കേണ്ടതുള്ളൂ. അതിനുശേഷം കാലിത്തീറ്റ നൽകി തുടങ്ങാവുന്നതാണ്. അഞ്ചു മാസത്തിനു താഴെയുള്ള കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാവിയിലെ ആഹാരപദാർഥങ്ങളുമായി പരിചയപ്പെടാനും കാഫ് സ്റ്റർട്ടർ നൽകുന്നത് വളരെയധികം സഹായകമാകും. സാധാരണയായി റൂമന്റെ വളർച്ച സംഭവിക്കുന്നത് നാലു മുതൽ എട്ടാഴ്ച പ്രായത്തിലാണ്.

ഈ വളർച്ചയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം കിടാവ് കഴിക്കുന്ന ഖരാഹാരം ആണ്. റൂമൻ വളർച്ച പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്, റൂമനിലുള്ളിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം, റൂമനിലെ കോശങ്ങളുടെ ഘടന, വളർച്ച എന്നിവയെ ആണ്.

ഒരു കിടാവ് ജനിക്കുന്ന സമയത്ത്, അതിന്റെ റൂമനിൽ സൂക്ഷ്മാണുക്കൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. പൂർണമായും സൂക്ഷ്മാണു വിമുക്‌തമായ ഒരു അറയായിരിക്കും അത്. ജനി ച്ചു വീണ്, ഒന്നാമത്തെ ദിവസം മുതൽ തന്നെ, ധാരാളം സൂക്ഷ്മാണുക്കൾ, പ്രധാനമായും ഓക്സിജൻ ആവശ്യമുള്ള ബാക്ടീരിയകൾ റൂമനിൽ ഇടം പിടിക്കും. അതിനുശേഷം, ബാക്ടീരിയകളുടെയും, സൂക്ഷ്മാണുക്കളുടെയും അളവും തരവും പ്രധാനമായും കന്നുകുട്ടി കഴിക്കുന്ന ഖരാഹാരത്തേയും പരുഷാഹാരത്തെയും, ഇവയുടെ ദഹനഫലമായി ഉണ്ടാകുന്ന ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

ഈ ഘടകങ്ങളാണ് സൂക്ഷ്മാണുക്കൾ പ്രധാനമായും ആഹാരമാക്കുന്നത്. കന്നുകുട്ടികൾ കഴിക്കുന്ന ഭക്ഷണപദാർഥങ്ങളാണ്, അവയുടെ റൂമനിലുള്ളിലെ സൂക്ഷ്മാണുക്കൾ ഏതു തരത്തിൽപ്പെടുന്നവയാണെന്ന് തീരുമാനിക്കുന്നത്.

ഉദാഹരണത്തിന്, പരുഷാഹാരം മാത്രം നൽകി വളർത്തുന്ന കിടാവിന്റെ റൂമനിലെ സൂക്ഷ്മാണുവർഗമായിരിക്കില്ല, ഖരാഹാരം മാത്രം നൽകി വളർത്തുന്നവയിൽ കാണാൻ സാധിക്കുക. ഖരാഹാരവും, പരുഷാഹാരവും ഭക്ഷിക്കുന്നതിനു മുമ്പ് റൂമനിൽ എത്തുന്ന പാലാണ് ബാക്ടീരിയകൾ അടങ്ങുന്ന സൂക്ഷ്മാണുക്കളുടെ നിലനില്പിനാധാരം.

റൂമന്റെ വളർച്ച പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് കിടാങ്ങൾക്കു നൽകുന്ന ഖരാഹാരത്തെയാണ്. അതുകൊണ്ട് കാഫ് സ്റ്റാർട്ടർ ദ്രുതഗതിയിലുള്ള വളർച്ച യ്ക്ക് അത്യാവശ്യമാണ്. ഈ ഖരാഹാരം നൽകുന്നതിലൂടെ, റൂമനിലെ ബാക്ടീരിയ, ദ്രാവകം, റൂമന്റെ ചലനം, ആഗിരണ ശേഷി എന്നിവയുടെ എല്ലാം കാര്യക്ഷമമായ പ്രവർത്തനം വളരെ വേഗത്തിൽ സാധ്യമാകുന്നു.

അതുകൊണ്ടു തന്നെ റൂമന്റെ വളർച്ച നിർണയിക്കുന്നതിൽ ഒരു പ്രധാനഘടകം കിടാവു കഴിക്കുന്ന ഖരാഹാരം തന്നെയാണ്. ഖരാഹാരം കഴിക്കുന്നതുവഴി റൂമനിൽ എത്തുന്ന അന്നജത്തെ, അവിടത്തെ സൂക്ഷ്മാണുക്കൾ വിഘടിപ്പിച്ച് പ്രൊപ്പിയോണേറ്റ്, ബ്യൂട്ടറേറ്റ് എന്നീ ഘടകങ്ങളാക്കുന്നു. ഇവയാണ് റൂമന്റെ കോശങ്ങളുടെ വളർച്ചയുടെ അടിസ്‌ഥാന ഘടകം.

പരുഷാഹാരം വിഘടിപ്പിച്ച് ലഭിക്കുന്ന അസറ്റിക് അമ്ലം, റൂമന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നില്ല.

അതുകൊണ്ടു തന്നെ, റൂമന്റെ അതിവേഗ വളർച്ചയ്ക്കും, കിടാവിനെ തള്ളപ്പശുവിൽ നിന്ന് ദ്രുതഗതിയിൽ വേർതിരിക്കാനും, വളരെ ചെറിയ പ്രായത്തിൽ തന്നെ കിടാങ്ങൾക്ക് പോഷകസമ്പന്നമായ ഖരാഹാരം നൽകിയേതീരൂ.