പഴയ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വാട്സ്ആപ്
Tuesday, December 31, 2024 11:02 AM IST
2025 മുതല്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് ഒഎസിലോ അതിലും പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്നതോ ആയ മോഡലുകളില്നിന്നുമാണ് ജനുവരി ഒന്നു മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
പുതിയ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ പഴയ വേര്‍ഷനുകള്‍ക്ക് കഴിയാത്തതാണ് കാരണമായി വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്. വാട്സ്ആപ്പിലേക്കുള്ള ആക്സസ് നഷ്ടപ്പെടാന്‍ പോകുന്ന എല്ലാ സ്മാര്‍ട്ട്ഫോണുകളും ഏകദേശം 10 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ്.
സാംസംഗിന്റെ ഗാലക്സി എസ്-3, എസ്-4 മിനി, നോട്ട്-2 മോട്ടോറോളയുടെ മോട്ടോ ജി(ഫസ്റ്റ് ജെന്‍), റേസര്‍ എച്ച്ഡി, മോട്ടോ ഇ-2014, സോണി എക്സ്പീരിയ എന്നിവയും വര്‍ഷങ്ങളായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച എച്ച്ടിസി, എല്‍ജി എന്നിവയുടെ പേരുകളും ലിസ്റ്റിലുണ്ട്.
മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചത്. വാട്സ്അപ്പിന് പുറമെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ആപ്പുകളും പഴയ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
നേരത്തെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് വേര്‍ഷനില്‍ ഗൂഗിള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.