നിജ്ജർ വധത്തിൽ അന്വേഷണം പൂർത്തിയാകും മുന്പുതന്നെ ഇന്ത്യയെ കുറ്റക്കാരാക്കി;കാനഡയിലെ ഇന്ത്യൻ സ്ഥാനപതി
Monday, November 27, 2023 4:34 AM IST
ഒട്ടാവ: ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് കുമാർ വർമ.
എന്നാൽ നിജ്ജർവധത്തിൽ അന്വേഷണം പൂർത്തിയാകുംമുമ്പേ കനേഡിയൻ സർക്കാർ ഇന്ത്യയ്ക്കു മേൽ കുറ്റം ചാർത്തിയെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഏറ്റവും വലിയ സ്വകാര്യ ടെലിവിഷൻ ശൃംഖലയായ സിടിവി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബറിലാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജർവധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. എന്നാൽ ട്രൂഡോയുടെ ആരോപണം ഇന്ത്യ പാടെ നിഷേധിക്കുകയായിരുന്നു. ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലാണ് കനേഡിയൻ പൗരനായ നിജ്ജർ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
എന്തുകൊണ്ടാണ് കാനഡയുടെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തത് എന്ന ചോദ്യത്തിനുത്തരമായാണ് അന്വേഷണം പൂർത്തിയാകും മുമ്പേ ഇന്ത്യയെ കുറ്റക്കാരാക്കി എന്ന് വർമ ചാനലിൽ പറഞ്ഞത്.
അന്വേഷണത്തോട് സഹകരിക്കാൻ ഒരാളോട് പറയുന്നതിനർഥം അയാളിൽ കുറ്റംചാർത്തിക്കഴിഞ്ഞു എന്നാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യവും പ്രസക്തവുമായ തെളിവുനൽകിയാൽ പരിശോധിക്കാമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നും വർമ ചൂണ്ടിക്കാട്ടി.
കനേഡിയൻ പൗരൻ കാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് ഒരു പങ്കുമില്ല. കാനഡയിലുള്ള സിഖ് വിഘടനവാദികൾ രണ്ടുരാജ്യങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നതിനുള്ള തെളിവുകൾ കാനഡയ്ക്ക് ഇന്ത്യ നൽകിയിട്ടുണ്ടെന്നും വർമ വ്യക്തമാക്കി.