നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു
Saturday, February 22, 2025 6:56 AM IST
ഹരിപ്പാട്: റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു. തൃക്കുന്നപ്പുഴ - ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസാണ് ആനാരി ഗുരുമന്ദിരത്തിനു സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
അപകട സമയത്ത് ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.