ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്; ഇഡി പിടിമുറുക്കി
Saturday, February 22, 2025 6:24 AM IST
കൊച്ചി: ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഇഡി നടപടി കടുപ്പിക്കുന്നു. കേസിൽ രണ്ടുപേർക്കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.ജി.വര്‍ഗീസ് എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.ജി.വര്‍ഗീസും പിടിയിലായത്.
തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി വ്യക്തമാക്കി. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.
വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നത്. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നുവെന്നും ഇഡി വ്യക്തമാക്കി.