ചാമ്പ്യൻസ് ട്രോഫി; അഫ്ഗാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ
Friday, February 21, 2025 6:31 PM IST
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എടുത്തു.
റയാൻ റിക്കെൽട്ടന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 106 പന്തിൽ 103 റൺസാണ് റിക്കെൽട്ടൻ അടിച്ചുകൂട്ടിയത്. 58 റൺസുമായി തെംബ ബവൂമ, 52 റൺസുമായി റസ്സി വാൻ ഡെർ ദുസ്സെൻ, 52 റൺസുമായി എയ്ഡൻ മാർക്രം എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.
അഫ്ഗാനുവേണ്ടി മൊഹമ്മദ് നബി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഫസൽഹക്ക് ഫറൂഖി, അസ്മത്തുള്ള ഒമർസായ്, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.