ചാമ്പ്യൻസ് ട്രോഫി: അഫ്ഗാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ബാറ്റിംഗ്
Friday, February 21, 2025 2:39 PM IST
കറാച്ചി: ചാന്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കൈമുട്ടിലെ പരിക്ക് കണക്കിലെടുത്ത് ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.
ഹഷ്മതുള്ള ഷഹീദി നയിക്കുന്ന അഫ്ഗാനിസ്ഥാന്റെ ചാന്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരമാണ്. പ്രധാന ടൂർണമെന്റുകളിൽ അവസാന നിമിഷം കളി കൈവിടുന്ന ദൗർഭാഗ്യ ടീമെന്ന പേരുദോഷമുള്ള ദക്ഷിണാഫ്രിക്കയ്ക്കായി കപ്പുയർത്തുകയാണ് നായകൻ തെംബ ബൗമയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഫോം മങ്ങി നിൽക്കുന്ന പ്രോട്ടീസിന് കാര്യങ്ങൾ ഒട്ടും ശുഭമല്ല. ഇരുടീമും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ മൂന്നു ജയം പ്രോട്ടീസും രണ്ടു ജയം അഫ്ഗാനുമായിരുന്നു. 2024ൽ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര 2-1ന് സ്വന്തമാക്കി, ചരിത്രത്തിലാദ്യമായി പ്രോട്ടീസിനെ പൊട്ടിച്ച് അഫ്ഗാൻ കരുത്തറിയിച്ചു. കഴിഞ്ഞ ത്രിരാഷ്ട്ര ടൂർണമെന്റിലും പ്രോട്ടീസിന്റേത് മികച്ച പ്രകടനമായിരുന്നില്ല. പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും തോൽവി വഴങ്ങി പുറത്തായിരുന്നു.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റയാൻ റിക്കിൾട്ടൺ, ടോണി ഡി സോർസി, തെംബ ബാവുമ (ക്യാപ്റ്റൻ), റാസി വാൻ ഡെർ ഡുസെൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുംഗി എൻഗിഡി.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അതാൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, ഗുൽബാദിൻ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.