"പോലീസായി സിപിഎം പ്രവർത്തകർ'; കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു, പോലീസുകാരെ പൂട്ടിയിട്ടു
Friday, February 21, 2025 1:23 PM IST
കണ്ണൂര്‍: തലശേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. പ്രതിയെ പോലീസ് വാഹനത്തില്‍നിന്ന് ഇറക്കികൊണ്ടുപോയ ശേഷം പോലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ 55 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം വ്യാഴാഴ്ച ഇവിടെ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവം.
കേസിലെ ഒന്നാം പ്രതി ബിബിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസ് വാഹനത്തില്‍നിന്ന് പ്രതിയെ ബലമായി പിടിച്ചിറക്കുകയായിരുന്നു. പോലീസിനെ ഇവർ പൂട്ടിയിടുകയും ചെയ്തു.
അതേസമയം ബുധനാഴ്ച അർധരാത്രിയോടെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷമാണ് സംഭവങ്ങളുടെ തുടക്കം. എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് വിളിച്ചു. ഇത് സിപിഎം-ബിജെപി സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
എന്നാല്‍ ഇത് തടയുന്നതിനിടെ സിപിഎമ്മുകാർ പോലീസിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്നും പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.