ഇൻവെസ്റ്റ് കേരളയ്ക്ക് തുടക്കം; ചുവപ്പുനാടയിൽ അനുമതികൾ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി
Friday, February 21, 2025 12:00 PM IST
കൊച്ചി: കേരളത്തിലെ സംരംഭകമേഖലയിൽ പുതിയ ദിശാബോധം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി (ഐകെജിഎസ്)ക്ക് തുടക്കമായി. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വ്യവസായ മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, എം.ബി രാജേഷ്, വിദേശ പ്രതിനിധികള്‍, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ഉച്ചകോടിയിൽ സംരംഭകർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ്ക്ക് സഹായകരമാകുന്ന സമഗ്രചട്ട ഭേദഗതി ഉടനുണ്ടാകും. ഇതിനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉച്ചകോടിക്കായി ആറായിരം അപേക്ഷകളിൽ നിന്നാണ് മൂവായിരം പ്രതിനിധികളെ തെരഞ്ഞെടുത്തത്. 26 രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളുമുണ്ട്. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇൻവെസ്റ്റ് കേരളയുടെ പങ്കാളികളാണ്.