ചരിത്രഫൈനൽ ഉറപ്പിച്ച് കേരളം; രണ്ടു റൺസ് നിർണായക ലീഡ്, നാടകീയ തിരിച്ചുവരവ്
Friday, February 21, 2025 11:25 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ചരിത്ര ഫൈനൽ ലക്ഷ്യമാക്കി കേരളത്തിന്റെ കുതിപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഗുജറാത്തിനെതിരേ രണ്ടു റൺസിന്റെ നിർണായക ഒന്നാമിന്നിംഗ്സ് ലീഡ് കേരളം സ്വന്തമാക്കി. ഇതോടെ, സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിനൊടുവിൽ കേരളം ഫൈനലിലെത്തുമെന്ന് ഉറപ്പായി.
നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ അവസാന ദിവസം മൂന്നു വിക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്.
ഒന്നാമിന്നിംഗ്സിൽ 111 റൺസ് വഴങ്ങി സർവാതെ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേന 149 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. എം.ഡി. നിധീഷ്, എൻ.പി. ബേസിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റൺസെന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കന്നി ഫൈനല്‍ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.
സ്കോർ 436 റൺസിൽ നില്‍ക്കെ അര്‍ധ സെഞ്ചുറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി സർവാതെ ഇന്നത്തെ ആദ്യവെടി പൊട്ടിച്ചു. 177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് മിന്നല്‍ സ്റ്റംപിംഗിലൂടെയാണ് പുറത്താക്കിയത്.
പിന്നാലെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വാതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്.
10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺസുമായി പ്രിയാജിത് സിംഗും ക്രീസിൽ. പിന്നീട് നടന്നത് ത്രില്ലർ സിനിമകളെ വെല്ലുന്ന ഉദ്വേഗ രംഗങ്ങളാണ്. ഒരുവേള ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തി. നാഗസ്വല്ല നല്കിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്തതോടെ കേരളം നിരാശയുടെ വക്കിലെത്തി.
എന്നാൽ, ശരിക്കുള്ള ആന്റി ക്ലൈമാക്സ് പിന്നാലെ വരുന്നതേയുണ്ടായിരുന്നുള്ളൂ. ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക്. ശ്വാസം നിലച്ചുപോയ നിമിഷം. ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനത്ത് നടന്നത്.