റിക്കാര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങി സ്വർണം; 64,000 രൂപയ്ക്കു മുകളില്‍ തന്നെ
Friday, February 21, 2025 10:56 AM IST
കൊച്ചി: സര്‍വകാല റിക്കാര്‍ഡിട്ട് ഒരു ദിവസത്തിനു ശേഷം താഴേക്കിറങ്ങി സ്വർണം. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,200 രൂപയിലും ഗ്രാമിന് 8,025 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,605 രൂപയിലെത്തി.
വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് 64,560 രൂപയെന്ന ചരിത്രവിലയിലെത്തിയ ശേഷമാണ് ഇന്ന് പിൻവാങ്ങിയത്. ശനിയാഴ്ചത്തെ വൻവീഴ്ചയ്ക്കും വിശ്രമത്തിനും ശേഷം തിങ്കളാഴ്ച കുതിച്ചുയർന്ന സ്വർണവില പവന് 400 രൂപ കൂടിയിരുന്നു. പിന്നാലെ ചൊവ്വാഴ്ച 240 രൂപയും ബുധനാഴ്ച 520 രൂപയും കൂടി. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 64,000 രൂപ കടന്നത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 11ന് പവന് 64,480 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. പിന്നീട് വീണ്ടും കുതിപ്പ് വീണ്ടെടുത്ത സ്വർണം സർവകാല റിക്കാർഡിലെത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്. നാലു ദിവസത്തിനിടെ 1,400 രൂപയിലധികം വർധിച്ച ശേഷമാണ് ഇന്ന് താഴേക്കിറങ്ങിയത്.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില ലാഭമെടുപ്പിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരമായ 2,954 ഡോളറിൽ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ വഴിയൊരുക്കിയത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.