ഗില്ലിന് സെഞ്ചുറി; കടുവകളെ കീഴടക്കി ഇന്ത്യയ്ക്ക് വിജയത്തുടക്കം
Thursday, February 20, 2025 10:19 PM IST
ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ജൈത്ര യാത്രയ്ക്കു തുടക്കം കുറിച്ചിരിക്കുന്നത്.
സ്കോർ: ബംഗ്ലാദേശ് 228/10 (49.4) ഇന്ത്യ 231/4(46.3). ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ മറികടന്നു. 129 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
കെ.എല്‍. രാഹുല്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (45), വിരാട് കോഹ്ലി (22) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിനെ സെഞ്ചുറിയുമായി തൗഹിദ് ഹൃദോയി(100) ആണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
35-5 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനായി തൗഹിദ് ഹൃദോയും ജേക്കര്‍ അലിയും ചേർന്നുള്ള ആറാം വിക്കറ്റ് 154 റണ്‍സ് നേടി. ജേക്കര്‍ അലി (68) അർധസെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഷമി അഞ്ചുവിക്കറ്റുകള്‍ പിഴുതെപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ശുഭ്മാന്‍ ഗില്ലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈൻ രണ്ട് വിക്കറ്റെടുത്തു. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.