കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മൂന്ന് മൃതദേഹങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു
Thursday, February 20, 2025 9:19 PM IST
കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്തിയിരുന്നില്ല. സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോൾ ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്തുനിന്നായി ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മനീഷിന്റെയും അമ്മ ശകുന്തളയുടെയും മൃതദേഹം കണ്ടെത്തി.
മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പോലീസ് പറഞ്ഞു.