രഞ്ജി സെമി; മുംബൈ പൊരുതുന്നു
Thursday, February 20, 2025 7:50 PM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയ്ക്കെതിരെ നിലവിലെ ചാന്പ്യൻമാരായ മുംബൈ പൊരുതുന്നു. 406 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ്.
സ്കോർ വിദർഭ 383, 292. മുംബൈ 270, 83/3. ഒരു ദിവസം അവശേഷിക്കെ 323 റൺസ് കൂടി നേടിയാൽ മാത്രമെ നിലവിലെ ചാമ്പ്യൻമാർക്ക് ഫൈനലിൽ കടക്കാനാകൂ. ആകാശ് ആനന്ദ് (27),ശിവം ദുബെ(12) എന്നിവരാണ് ക്രീസിൽ.
18 റൺസെടുത്ത ആയുഷ് മാത്രെ, രണ്ട് റൺസുമായി സിദ്ദേഷ് ലാഡ്, 12 റൺസെടുത്ത അജിൻക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.
സെഞ്ചുറി നേടിയ യഷ് റാത്തോഡിന്റെയും (151) അർധസെഞ്ചുറി നേടിയ നായകൻ അക്ഷയ് വഡ്കറുടെയും (52) ബാറ്റിംഗ് കരുത്തിലാണ് വിദർഭ രണ്ടാമിന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലെത്തിയത്.