അഞ്ചാംദിനം നിർണായകം; പോരാട്ടം ഇഞ്ചോടിഞ്ച്
Thursday, February 20, 2025 6:15 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളവും ഗുജറാത്തും ലീഡിനായി പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഗുജറാത്ത് ഏഴു വിക്കറ്റിന് 429 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 28 റണ്‍സ് കൂടി മതി.
161 പന്തില്‍ 74 റണ്ണോടെ ജെ.എം.പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 220 പന്തുകളിൽ നിന്നായി 72 റണ്‍സ് ഇവർ കൂട്ടിച്ചേര്‍ത്തു. 357-7 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധ കോട്ട തീർക്കുകയായിരുന്നു.
കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ എന്‍.പി.ബേസിലും, ആദിത്യ സര്‍വാതെയും എം.ഡി. നിധീഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.