തലശേരിയിൽ പോലീസിനെ ആക്രമിച്ച സംഭവം; 27 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Thursday, February 20, 2025 3:17 PM IST
കണ്ണൂർ: തലശേരിയിൽ ക്ഷേത്രത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. 27 പേർക്കെതിരെയാണ് കേസെടുത്തത്. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
ബുധനാഴ്ച അർധരാത്രിയോടെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് വിളിച്ചു. ഇത് സിപിഎം-ബിജെപി സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
എന്നാല്‍ ഇത് തടയുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്നും പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.