ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ടോസ്, ബാറ്റിംഗ്
Thursday, February 20, 2025 2:38 PM IST
ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ദുബായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. കുൽദീപ് യാദവും മുഹമ്മദ് ഷമിയും തിരിച്ചെത്തിയപ്പോൾ വരുൺ ചക്രവർത്തിയും അർഷദീപ് സിംഗും അന്തിമ ഇലവനിൽനിന്നു പുറത്തായി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്മുൽ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹിം, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്താഫിസുർ റഹ്മാൻ.
രോഹിത്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകുമിതെന്നാണ് കണക്കുകൂട്ടൽ. ഇംഗ്ലണ്ടിനെ 3-0ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്കു സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് കളിക്കാത്തതു തിരിച്ചടിയാണ്.
2024ൽ കളിച്ച ഒന്‍പത് ഏകദിനങ്ങളിൽ മൂന്ന് ജയം മാത്രം നേടിയ ബംഗ്ല കടുവകളുടെ കാര്യം അത്ര സുരക്ഷിതമല്ല. നിലവിലെ ഫോമിൽ നീലപ്പടയ്ക്ക് ബംഗ്ലാദേശ് വെല്ലുവിളിയുയർത്തില്ല. അട്ടിമറിജയം നേടുകയാണ് നജ്മുൽ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശിന്റെ ലക്ഷ്യം.
ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ വെല്ലുവളിയുയർത്തുന്ന പിച്ചാണ് ദുബായിലേത്. തുടക്കത്തിൽ പേസർമാർക്ക് അനുകൂലമാകുന്ന പിച്ച് മധ്യ ഓവറുകളിൽ സ്പിന്നർമാരെ തുണയ്ക്കും.
ഇന്ത്യയ്ക്കെതിരേ 42 ഏകദിന മത്സരങ്ങളിൽ എട്ട് ജയം മാത്രമാണ് ബംഗ്ലാദേശിനുള്ളത്. എന്നാൽ, 2023 ഏഷ്യകപ്പിലടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് ജയം നേടാൻ അവർക്കായിട്ടുണ്ട്. 2023 ലോകകപ്പിലാണ് അവസാനം ഇരുവരും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായിരുന്നു ജയം. 2017 ചാന്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശ് ഉയർത്തിയ 265 റണ്‍സ് ലക്ഷ്യം മറികടന്ന് ഇന്ത്യ ഒന്‍പത് വിക്കറ്റ് ജയം നേടിയിരുന്നു.