സക്സേനയിലൂടെ തിരിച്ചടിച്ച് കേരളം; ഗുജറാത്തിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടം
Thursday, February 20, 2025 12:26 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരേ കേരളം തിരിച്ചടിക്കുന്നു. നാലാംദിനമായ ഇന്ന് ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ് ആതിഥേയർ.
14 റൺസുമായി ജയ്മീത് പട്ടേലും രണ്ടു റൺസുമായി നായകൻ സി.ടി. ഗജയുമാണ് ക്രീസിൽ. ഇന്ന് ഇതുവരെ നാലുവിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. ഇതിൽ മൂന്നും ജലജ് സക്സേനയുടെ വകയാണ്.
ഒരുവിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്ത് അതിവേഗം ലീഡിലേക്ക് എത്തുമെന്ന നിലയിലായിരുന്നു. എന്നാൽ സ്കോർ 238 റൺസിൽ നില്‍ക്കെ 33 റൺസെടുത്ത മനൻ ഹിംഗ്രാജിയയെ വിക്കറ്റിനു മുന്നിൽ കുടുക്കി ജലജ് സക്സേന കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
സെഞ്ചുറി നേടിയ പ്രിയങ്ക് പാഞ്ചാലിനൊപ്പം 107 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഹിംഗ്രാജിയ മടങ്ങുന്നത്. ഒരറ്റത്ത് പാഞ്ചാൽ അടിച്ചുകയറിയപ്പോൾ മറുവശത്ത് ഉറച്ചുനിന്ന് പിന്തുണ നല്കിയ താരം 127 പന്തിൽ നിന്നാണ് 33 റൺസെടുത്തത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേലിനെ കൂട്ടുപിടിച്ച് പാഞ്ചാൽ സ്കോർ ഉയർത്തി. എന്നാൽ സ്കോർ 277 റൺസിൽ നില്‍ക്കെ പാഞ്ചാലിനെ ബൗൾഡാക്കി വീണ്ടും സക്സേന കേരളത്തിന് വമ്പൻ ബ്രേക്ക്ത്രൂ സമ്മാനിച്ചു. 237 പന്തിൽ 18 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 148 റൺസാണ് താരം അടിച്ചുകൂട്ടിയത്.
പിന്നാലെ 25 റൺസെടുത്ത ഉർവിൽ പട്ടേലിനെയും പുറത്താക്കി സക്സേന കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. സ്കോർ 320 ൽ നില്‍ക്കെ 27 റൺസെടുത്ത ഹേമാംഗ് പട്ടേലിനെ എം.ഡി. നിധീഷ് പുറത്താക്കിയതോടെ ഗുജറാത്ത് അഞ്ചിന് 320 റൺസെന്ന നിലയിലെത്തി.
ഇന്നും വെള്ളിയാഴ്ചയും ശേഷിക്കേ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം ഫൈനലിലേക്കു മുന്നേറും. നിലവില്‍ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ ഗുജറാത്തിനു ഇനി 132 റണ്‍സ് കൂടി വേണം. അതിനു മുന്‍പ് അവരെ പുറത്താക്കി നിര്‍ണായക ലീഡ് പിടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.