ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞചെയ്യും
Thursday, February 20, 2025 6:32 AM IST
ന്യൂഡൽഹി: രേഖ ഗുപ്ത ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. രാവിലെ 11ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫലം പുറത്തുവന്ന് 11 ദിവസത്തിനുശേഷമാണ് ബിജെപി ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ബിജെപി ആസ്ഥാനത്ത് ഇന്നലെ നടന്ന നിയമസഭാകക്ഷി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സാധ്യതാപട്ടികയിൽ മുന്നിലുണ്ടായിരുന്ന പർവേഷ് സിംഗ് വർമ ഉപമുഖ്യമന്ത്രിയാകും.
കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്തയെ സ്പീക്കറായും തെരഞ്ഞെടുത്തു. ഡൽഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖ ഗുപ്ത.