നടുറോഡിൽ വാഹനം തടഞ്ഞ് യുവാവിനെ ആക്രമിച്ചു; ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു
Thursday, February 20, 2025 3:35 AM IST
കോഴിക്കോട്: യുവാവിനെ നടുറോഡില്‍ വച്ച് ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട്ട് നന്മണ്ട-എഴുകുളം റോഡില്‍ മൂലേം മാവിന് ചുവട്ടില്‍ വച്ച് ആണ് സംഭവം നടന്നത്.
ആരാമ്പ്രം എടത്തില്‍ നിയാസ് (43), വഴിക്കടവ് നിസാം (30), പടനിലം കള്ളികൂടത്തില്‍ റഫീഖ് (42), വഴിക്കടവ് ഷംനാദ് (30), വഴിക്കടവ് തൈക്കാട്ടില്‍ മുഹമ്മദ് അഷ്റഫ് (30), പാതിരിപ്പാടം ചപ്പങ്ങല്‍ മുര്‍ഷിദ് (30) എന്നിവരാണ് പിടിയിലായത്.
നല്ലളം സ്വദേശിയായ മുഹമ്മദ് സുഹൈറി (34) നെയാണ് പ്രതികൾ ആക്രമിച്ചത്. സുഹൈറും സുഹൃത്തും സഞ്ചരിച്ച കാറിനെ രണ്ടു കാറുകളിലായെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ എത്തിയതോടെ പ്രതികളിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ എൽപ്പിച്ചു.
തുടർന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാക്കി പ്രതികൾ പിടിയിലായത്. സുഹൈര്‍ നിലമ്പൂര്‍ സ്വദേശിയുമായി നടത്തിയ സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.