മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു
Wednesday, February 19, 2025 11:36 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയത്. ഉടൻ തന്നെ പോലീസുകാർ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യപിച്ചതിന്റെ ലഹരിയിലാണ് ഇയാൾ ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു. വെകുന്നേരം പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. അഫ്സൽ രക്തസാക്ഷി പ്രമേയവും വി. വിചിത്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്പൈ മുഖ്യപ്രഭാഷണം നടത്തി.