മതപരമായ നഗരങ്ങളിൽ മദ്യം നിരോധിച്ച് മധ്യപ്രദേശ്
Monday, February 17, 2025 3:34 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ മതപരമായി പ്രാധാന്യമുള്ള നഗരങ്ങളിൽ മദ്യം നിരോധിച്ച് സർക്കാർ. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായാണ് മദ്യം നിരോധിച്ചിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതലാണ് നിരോധനം. 17 വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെ 19 സ്ഥലങ്ങളിൽ 47 സംയോജിത മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
പുതിയ നയത്തിന്റെ ആദ്യഘട്ടത്തിൽ അടുത്ത സാമ്പത്തിക വർഷം മുതൽ മധ്യപ്രദേശിൽ ‘കുറഞ്ഞ ആൽക്കഹോളിക് ബിവറേജ് ബാറുകൾ’ ആരംഭിക്കാനും പദ്ധതിയിട്ടു. ഈ പുതിയ ബാറുകളിൽ പരമാവധി ആൽക്കഹോൾ 10 ശതമാനം മാത്രമുള്ള ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് ലഹരി പാനീയങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ.
ഇത്തരം ബാറുകളിൽ സ്പിരിറ്റ് ചേർത്തുള്ള പാനീയങ്ങൾ കർശനമായി നിരോധിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.