ചാലക്കുടി ബാങ്ക് കവർച്ച; പ്രതിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം കണ്ടെടുത്തു
Monday, February 17, 2025 1:10 PM IST
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും കൈയുറയും പോലീസ് കണ്ടെടുത്തു.
അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പോലീസിൽ പണം തിരികെ ഏൽപ്പിച്ചിട്ടുമുണ്ട്. കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയിൽ നിന്നാണ് കത്തി കണ്ടെത്തിയത്.
റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്. അതേസമയം റിജോ ആന്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പോലീസിനെ ഏൽപ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നൽകിയത്.
ഞായറാഴ്ച രാത്രി തന്നെ ഇയാൾ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പണം തിരികെ ഏൽപ്പിച്ചത്. റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്.
ചോദ്യങ്ങൾക്കെല്ലാം പല മറുപടിയാണ് റിജോ നല്കുന്നതെന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു.
ടിവിയിൽ വാർത്ത കണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി തുക ഇന്ന് പോലീസിനു കൈമാറി. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവർച്ച വിജയകരമായി നടത്തിയത്. മുന്‍പും ബാങ്കിൽ കവർച്ച നടത്താൻ പ്രതി ശ്രമിച്ചിരുന്നെന്ന് പറയുന്നു.
നാല് ദിവസം മുന്‍പായിരുന്നു ആദ്യ ശ്രമമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. അന്ന് പോലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ഞായറാഴ്ച വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് വീട് വളഞ്ഞ് വലയിലാക്കിയത്.
റിജോയുടെ വീട്ടിൽ വച്ചായിരുന്നു കുടുംബ സംഗമം നടന്നത്. വലിയ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോയ്ക്കുണ്ടായിരുന്നത്. പോലീസ് വന്നപ്പോൾ അമ്പരന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിദേശത്ത് നഴ്സായ ഭാര്യ നൽകിയ പണം റിജോ ധൂർത്തടിച്ചിരുന്നു. ഏപ്രിലിൽ ഭാര്യ വരാനിരിക്കെ പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് കവർച്ച നടത്തിയത്. റിജോയ്ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. കോവിഡ് കാലത്ത് ഗൾഫിലെ ജോലി പോയതോടെയാണ് നാട്ടിലെത്തിയതെന്ന് പറയുന്നു.