വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്കാണെന്ന് വി.ഡി. സതീശൻ
Monday, February 17, 2025 12:57 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്കാണെന്നും തെറ്റായ കണക്കുകൾ കൊണ്ട് ഏച്ചുകെട്ടുകയാണെന്നും സതീശൻ പറഞ്ഞു.
തെറ്റ് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ്യാവസായിക സൗഹൃദമാക്കാനുള്ള പൂർണപിന്തുന്ന നൽകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ കേരളം ഒന്നാമതെന്ന വാദം തെറ്റാണ്. 2021 മുതൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക ലോകബാങ്ക് നിർത്തലാക്കിയെന്നും സതീശൻ പറഞ്ഞു.
ജിഎസ്ടി രജിസ്ട്രഷൻ കൂടിയിട്ടില്ല. ചില്ലറമൊത്ത വില്പന കേന്ദ്രങ്ങളിൽ കൂടി വന്നതോടെ മാത്രമാണ് എംഎസ്എംഇ കൂടിയത്. സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾ തകർച്ച നേരിടുകയാണ്.
ശശി തരൂർ നേരത്തെ സിൽവർ ലൈനിനെ പിന്തുണച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യവും കണക്കുകൾ നിരത്തി താൻ തരൂരിനെ ബോധ്യപ്പെടുത്തുമെന്നും സതീശൻ കൂട്ടിച്ചേർത്തു.