ബാങ്ക് കവർച്ച; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്
Sunday, February 16, 2025 4:11 AM IST
ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
അതിനാലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്. ഇതിനിടെ പ്രതി തൃശൂർ ഭാഗത്തേക്കു പോയതായി സൂചന ലഭിച്ചതിനെത്തുടർന്ന് ഈ മേഖലയിലും തെരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ബാങ്കിൽ എത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ചത്. മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയം പോലീസിനുണ്ട്.
കവർച്ചയ്ക്കുമുന്പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും കരുതുന്നു.