കേരളം വളരുകയാണെന്ന് തരൂർ പറയുന്നതിൽ തെറ്റില്ല; തരൂരിനെ പിന്തുണച്ച് ശബരീനാഥൻ
Saturday, February 15, 2025 8:26 PM IST
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയിലെ വികസനത്തെ പ്രശംസിച്ച് രംഗത്തുവന്ന ശശി തരൂർ എംപിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കാമായിരുന്നു. കേരളത്തിന്റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നിൽക്കാം. എന്നാൽ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഓര്‍ക്കണം. സ്റ്റാർട്ടപ്പ് നയം കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും ശബരീനാഥൻ വ്യക്തമാക്കി.
നേരത്തെ സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാട്ടി തരൂർ ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. കൂടാതെ മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരേ വിമർശനമുയർന്നെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തരൂർ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി.
വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി.