വയനാട് ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടത്; വായ്പ സഹായത്തിന് പകരമാകില്ല, കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി
Saturday, February 15, 2025 8:00 PM IST
കോഴിക്കോട്: വയനാട് പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രത്തിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടതെന്നും വായ്പ വേറൊരു ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പ സഹായത്തിന് പകരമാകില്ല. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കണം. ദുരന്തത്തിന്റെ ഭാഗമായുള്ള സഹായം ലഭിക്കണം. വായ്പയില്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
സ്കൂൾ വിദ്യാർഥികളിൽ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം ഗൗരവമുള്ള വിഷയമാണ്. മയക്കുമരുന്നിന്റെ ആപത്ത് ഓരോ ദിവസവും ശ്രദ്ധയിൽപ്പെടുന്നു. ലാഭേച്ഛ മൂത്ത് എങ്ങനെയും പണം ഉണ്ടാക്കാം എന്ന് ചിലർക്ക് തോന്നുന്നുണ്ട്.
ശരിയായ മാഫിയയാണ് ഡ്രഗ്സ് മാഫിയ. രാജ്യങ്ങളെയൊക്കെ അട്ടിമറിക്കാൻ അവർക്ക് കഴിവുണ്ട്. അവർ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. കുട്ടികളെ ക്യാരിയർമാരും ഉപഭോക്താക്കളുമാക്കുന്നു. ഇതിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില കുട്ടികൾ പഠനത്തിൽ വലിയ നിലയിൽ ഉള്ളവർ ആവില്ല. അവർക്ക് അധ്യാപകർ പരിഗണന നൽകണം. ഒരു വിദ്യാർഥിയും പുറകോട്ട് പോകരുത്. പഠിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ മാത്രം പഠിപ്പിച്ച് പോകരുത്. ഓരോ വിദ്യാർഥിക്കും ആവശ്യമെങ്കിൽ പ്രത്യേക പരിഗണന നൽകണം. ഇത് വിദ്യാഭ്യാസ രംഗത്ത് വലിയ ഉയർച്ച ഉണ്ടാക്കും. കുട്ടികൾക്ക് എന്ത് ശേഷി ഉണ്ടെന്ന് അധ്യാപകർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.