കേരളത്തിലെ കാമ്പസുകളിൽ റാഗിംഗ് നടക്കുന്നത് പോലീസിന്റെ സഹായത്തോടെ: കെ. സുരേന്ദ്രൻ
Saturday, February 15, 2025 4:58 PM IST
തിരുവനന്തപുരം: കേരളത്തിൽ പ്രാകൃതമായ റാഗിംഗിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിഭീകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്എഫ്ഐ നേതാക്കന്മാർ കേരളത്തിലെ കലാലയങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും ഇത്തരം പ്രാകൃതമായ നടപടികൾ തുടരുന്നത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഒത്താശയോടുകൂടിയാണ്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കേരളത്തിലെ കാമ്പസുകളിൽ റാഗിംഗ് നടക്കുന്നത്.
സംസ്ഥാനത്ത് റാഗിംഗ് തടയാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങും. എല്ലാ ജില്ലകളിലും ആന്റി റാഗിംഗ് ഹെല്പ് ഡെസ്ക്കുകൾ പാർട്ടി ആരംഭിക്കും. കോട്ടയം ജില്ലയിൽ ആദ്യത്തെ ഹെൽപ് ഡെസ്ക് നിലവിൽ വന്നു കഴിഞ്ഞു. ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യവിരുദ്ധ സംഘടനയായ എസ്എഫ്ഐയെ ഒറ്റപ്പെടുത്താൻ കേരളത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു വരണം എന്നാണ് ബിജെപിയുടെ അഭ്യർത്ഥന. റാഗിംഗ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാർഥികളെ സംരക്ഷിക്കുന്ന നടപടികൾ ബിജെപി കൈക്കൊള്ളും.
റാഗിംഗ് കേസുകളിലെ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളിൽ നിന്നും ക്രിമിനലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് കേരള പോലീസ് നടത്തുന്നത്. ഇത്തരം സമീപനം കൊണ്ടാണ് കേരളത്തിൽ റാഗിംഗ് തുടരുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.