മുണ്ടക്കയത്ത് കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം
Saturday, February 15, 2025 4:43 PM IST
കോട്ടയം: കൂട്ടിക്കലിൽ ചത്ത നിലയിൽ കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്ന് ഇരുമ്പ് കമ്പിയും കണ്ടെത്തി.
കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നത്. ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവന് നഷ്ടമായതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ് പറഞ്ഞു.
രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകള്‍ മണം പിടിച്ചുപോയത്. ആ പറമ്പില്‍ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബര്‍ തോട്ടത്തില്‍ വന്നപ്പോഴായിരിക്കാം ജീവന് നഷ്ടപ്പെട്ടത്. അതിനിടയില്‍ മുറിവില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
പന്നിയെ പിടികൂടാന്‍ വേണ്ടി തയാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബര്‍ തോട്ടത്തില്‍ പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്.